img20210311
എൽ.ഡി.എഫ് സ്ഥാനാർത്ഥി ലിന്റോ ജോസഫ് ശിവരാത്രി നാളിൽ മുക്കം തുക്കുടമണ്ണ ക്ഷേത്ര പരിസരത്ത് വോട്ടർമാരെ കാണാനെത്തിയപ്പോൾ

മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ലിന്റോ ജോസഫ് കഴിഞ്ഞ ദിവസം തന്നെ പ്രചാരണത്തിന് തുടക്കമിട്ടപ്പോഴും യു.ഡി.എഫിൽ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അനിശ്ചിതത്വം നീങ്ങിയില്ല. ഇന്നു വൈകുന്നേരത്തോടെ കോൺഗ്രസും മുസ്ലിം ലീഗും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നു പറയുന്നുണ്ടെങ്കിലും തിരുവമ്പാടിയിൽ ആരാവും യു ഡി എഫിന്റെ സ്ഥാനാർത്ഥി എന്ന് ഊഹിക്കാൻ കഴിയാത്ത വിഷമസന്ധിയിലാണ് അണികൾ.

മുസ്ലിം ലീഗിന്റെ സീറ്റായ ഇവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിയോജകമണ്ഡലത്തിനു പുറത്തുള്ള താമരശ്ശേരി സ്വദേശി വി.എം.ഉമ്മർ ആണ് മത്സരിച്ചത്. ഇത്തവണ മണ്ഡലത്തിനകത്തു തന്നെയുള്ള ഒന്നിലധികം പേർ സ്ഥാനാർത്ഥിത്വം ലഭിക്കാൻ കടുത്ത മത്സരം നടത്തിക്കൊണ്ടിരിക്കുന്നതാണ് ഒരാളെ തീരുമാനിക്കാൻ കഴിയാത്തതിനു മുഖ്യകാരണം. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി സ്വദേശി സി.പി.ചെറിയ മുഹമ്മദും കൂടരഞ്ഞി പഞ്ചായത്തിലെ കോവിലകത്തുകടവ് സ്വദേശി സി.കെ.കാസിമും തമ്മിലാണ് മുസ്ലിം ലീഗിനുള്ളിൽ മത്സരം. നിലവിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായ സി.പി.ചെറിയമുഹമ്മദും തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ സി.കെ.കാസിമും പാർട്ടിക്കുള്ളിലെന്ന പോലെ മുന്നണിയിലും സ്വീകാര്യരും സ്വാധീനമുള്ളവരുമാണ്. മുന്നണിയ്ക്കു പുറത്തും അറിയപ്പെടുന്ന പൊതുപ്രവർത്തകരാണ് ഇരുവരും. അതുകൊണ്ടു തന്നെ തിരുവമ്പാടിയുടെ ഏതു കോണിലും പ്രത്യേകിച്ച് കൊടിയത്തൂർ, ചെറുവാടി മേഖലയിൽ ഇപ്പോൾ രണ്ടു പേർ തമ്മിൽ കാണുമ്പോൾ പരസ്പരം ഉയർത്തുന്ന ചോദ്യം സി.കെ യോ സി.പി യോ എന്നാണ്. ചോദ്യത്തിനും ആശങ്കയ്ക്കും മിക്കവാറും ഇന്നു വൈകുന്നേരത്തോടെ വിരാമമാവും.

എൽ.ഡി എഫ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അണികൾ, പ്രത്യേകിച്ച് സി.പി.എം - ഡി വൈ എഫ് ഐ പ്രവർത്തകരും അനുഭാവികളും അങ്ങേയറ്റം ആവേശത്തിലാണ്. പൊതുപ്രവർത്തന രംഗത്ത് തിളക്കമാർന്ന വ്യക്തിത്വത്തിനുടമയായ ലിന്റോ ഇപ്പോൾ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റാണ്. ബിരുദാനന്തര ബിരുദധാരിയാണ് ഈ 28-കാരൻ. മുന്നണിയുടെ തിരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരണ കൺവൻഷൻ ഇന്നു വൈകിട്ട് 5 ന് മുക്കത്ത് നടക്കും. സി.പി.എം കേന്ദ്ര കമ്മിറ്റി അഗം എളമരം കരീം എം.പി പങ്കെടുക്കുന്നുണ്ട്.