
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആർ.പി.എഫ് സ്പെഷ്യൽ സ്‌ക്വാഡുകൾ ട്രെയിനുകളിൽ കർശന പരിശോധന തുടങ്ങിയതോടെ നിലയ്ക്കാത്ത സ്വർണ - ഹവാല വേട്ട. സ്‌ക്വാഡ് രംഗത്തിറങ്ങി മൂന്നാഴ്ച പിന്നിട്ടതിനിടയിൽ 10 കോടി രൂപയുടെ സ്വർണവും അഞ്ച് കോടി രൂപയുടെ ഹവാല പണവുമാണ് പിടിച്ചെടുത്തത്. ഏതാണ്ട് ഒരു കോടിയുടെ മയക്കുമരുന്നും പിടികൂടിയിട്ടുണ്ട്.
ട്രെയിൻ വഴി കടത്തുന്ന സ്വർണത്തിന്റെ മുക്കാൽ പങ്കും പോകുന്നത് തൃശൂരിലേക്കാണ്. തൃശൂർ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും പ്രവർത്തിക്കന്ന സ്വർണാഭരണശാലകളിലെത്തുന്ന സ്വർണം പീന്നീട് ആഭരണങ്ങളാക്കി മാറ്റി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ജുവലറികളിൽ എത്തിക്കുന്നതാണ് രീതി.
ഹവാല പണത്തിന്റെ ഒഴുക്ക് മുഖ്യമായും മലപ്പുറം - കോഴിക്കോട് ജില്ലകളിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതലും മലപ്പുറത്തേക്ക് തന്ന.
മയക്കുമരുന്ന് സംസ്ഥാനത്തിന്റെ ഒട്ടെല്ലാ ജില്ലകളിലേക്കും എത്തുന്നുണ്ട്. റോഡ് വഴിയുള്ള കടത്തിനേക്കാൾ സുരക്ഷിതമെന്ന് കണ്ടാണ് അന്തർ സംസ്ഥാന സംഘങ്ങൾ ട്രെയിൻ വഴിയിലേക്ക് തിരിഞ്ഞിട്ടുള്ളത്.
സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ വിലയിരുത്താൻ കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ കഴിഞ്ഞ 13ന് കേരളത്തിൽ എത്തിയപ്പോൾ നിർദ്ദേശിച്ചതനുസരിച്ചാണ് റെയിൽവേ സംരക്ഷണ സേനയുടെ സ്പെഷ്യൽ സ്‌ക്വാഡുകൾ സ്വർണ - കള്ളപ്പണ വേട്ടയ്ക്കായി 15ന് പരിശോധന തുടങ്ങിയത്. ഉത്തരേന്ത്യൻ നഗരങ്ങളിൽ നിന്നും ചെന്നൈയിൽ നിന്നും വരുന്ന ട്രെയിനുകൾ കേന്ദ്രീകരിച്ചാണ് പരിശോധന കൂടുതലും. ദീർഘദൂര ട്രെയിനുകളിൽ ഏറെയും കേരളത്തിലേക്ക് പ്രവേശിക്കുന്നത് പാലക്കാട് ഡിവിഷൻ വഴിയാണെന്നിരിക്കെയാണ് ഈ മേഖലയിൽ പരിശോധന കടുപ്പിച്ചത്.