കോഴിക്കോട്: സ്ഥാനാർത്ഥികൾ കളത്തിലിറങ്ങിയതോടെ ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി ഇടതുമുന്നണി. കുറ്റ്യാടി ഒഴികെയുള്ള മണ്ഡലങ്ങളിൽ ചുരുങ്ങിയ സമയത്തിനകം തന്നെ പ്രചാരണ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.
സമൂഹ മാദ്ധ്യമങ്ങളിലും മുന്നണി ഏറെ മുന്നിലാണ്. റോഡ് ഷോകളും കൺവെൻഷനുകളും മറ്റുമായി കളം നിറഞ്ഞിരിക്കുകയാണ് എൽ.ഡി.എഫ്. ഇത്തവണ സ്ഥാനാർത്ഥി പട്ടികയിൽ യുവപ്രാതിനിധ്യം കൂടിയിരിക്കെ ഡി.വൈ.എഫ്.ഐ, എസ്.എഫ് ഐ പ്രവർത്തകർ വലിയ ആവേശത്തിലാണ്. ബേപ്പൂരിൽ റോഡ് ഷോയോടെയായിരുന്നു ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസിന്റെ അരങ്ങേറ്റം. സിറ്റിംഗ് മണ്ഡലം നിലനിറുത്താൻ റിയാസിന് യുവജനപ്പട കരുത്താകുമെന്ന കണക്കുകൂട്ടലിലാണ് ഇടതുമുന്നണി നേതൃത്വം. മണ്ഡലത്തിൽ മണിക്കൂറുകൾക്കകം വലിയ ബോർഡുകളും തോരണങ്ങളുമെല്ലാം ഉയരുകയായിരുന്നു. കോഴിക്കോട് നോർത്തിൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത സ്ഥാനാർത്ഥിയാണ് തോട്ടത്തിൽ രവീന്ദ്രൻ. കോഴിക്കോട് കോർപ്പറേഷൻ മേയർ എന്ന നിലയിലുള്ള പരിചയസമ്പത്തും വ്യക്തിബന്ധങ്ങളുമുള്ള തോട്ടത്തിൽ രവീന്ദ്രൻ എം.ടി. വാസുദേവൻ നായർ, ഡോ.എം.ജി.എസ് നാരാണൻ തുടങ്ങിയവരെ സന്ദർശിച്ചാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. കൺവെൻഷനുകളും റോഡ് ഷോകളുമായി ബാലുശ്ശേരിയിൽ കെ.എം. സച്ചിൻദേവിന്റെ പ്രചാരണം കൊഴുക്കുകയാണ്. മന്ത്രി ടി.പി. രാമകൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ സ്ഥാനാർത്ഥിത്വം സംഘടനാ പ്രവർത്തകരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും ഏറ്റെടുത്തു കഴിഞ്ഞു. എലത്തൂരിൽ എ.കെ. ശശീന്ദ്രനും സജീവമായി. കക്കോടിയിലായിരുന്നു ഇന്നലെ പ്രധാന പ്രചാരണ പരിപാടി. മണ്ഡലത്തിലുടനീളം കൺവെൻഷനുകൾ ഒരുക്കുന്നുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്ന് മണ്ഡലത്തിൽ ശശീന്ദ്രനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും അതെല്ലാം മറികടക്കുന്ന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. പേരാമ്പ്രയിൽ ടി.പി. രാമകൃഷ്ണന് ഇത്തവണ വൻഭൂരിപക്ഷം ഉറപ്പാക്കുമെന്ന നിശ്ചയദാർഢ്യത്തോടെ ശക്തമായ പ്രവർത്തനമാണ് ഇടതുമുന്നണി പ്രവർത്തകരുടേത്. കേരള കോൺഗ്രസ് (എം) മുന്നണിയിൽ എത്തിയത് ഭൂരിപക്ഷം പ്രകടമായി കൂട്ടാൻ സഹായകമാവുമെന്ന പ്രതീക്ഷയുമുണ്ട്. കഴിഞ്ഞ തവണ തോല്പിച്ച സ്ഥാനാർത്ഥിയെ ജയിപ്പിക്കേണ്ട ഉത്തരവാദിത്വമാണ് ഇത്തവണ വടകരയിൽ ഇടതുമുന്നണി പ്രവർത്തകർക്ക്. ഇടതുപക്ഷത്തെത്തിയ എൽ.ജെ.ഡി യുടെ ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ കഴിഞ്ഞ തവണ ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു. ഇന്നലെ അഞ്ചുവിളക്ക് പരിസരത്ത് നിന്ന് ഇദ്ദേഹത്തിന്റെ റോഡ് ഷോയുണ്ടായിരുന്നു. മണ്ഡലം കൺവെൻഷനും സംഘടിപ്പിച്ചു. കേരള കോൺഗ്രസിന് (എം) കുറ്റ്യാടി സീറ്റ് നൽകുന്നതിനെതിരെ ഉയർന്ന പ്രതിഷേധത്തെ തുടർന്ന് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. മുഹമ്മദ് ഇഖ്ബാലിന്റെ പേരിൽ സോഷ്യൽ മീഡിയിയിൽ പോസ്റ്ററുകൾ പ്രചരിക്കുന്നുണ്ടെങ്കിലും പ്രതിഷേധത്തെ തുടർന്ന് പ്രവർത്തനം തത്കാലം നീട്ടിവെച്ചിരിക്കുകയാണ്. സിറ്റിംഗ് എം.എൽ.എ ഇ.കെ.വിജയൻ മത്സരിക്കുന്ന നാദാപുരത്ത് എൽ.ഡി.എഫ് പ്രവർത്തകർ കഴിഞ്ഞ ദിവസം തന്നെ പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. കുറ്റ്യാടിയിലെ പ്രശ്നം പാർട്ടിയുടെ ജില്ലയിലെ ഏക സീറ്റിനെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയുണ്ട് സി.പി.ഐ നേതൃത്വത്തിന്. കൊയിലാണ്ടിയിൽ കാനത്തിൽ ജമീലയ്ക്കായി പോസ്റ്ററുകളും ബോർഡുകളും നിറഞ്ഞു കഴിഞ്ഞു. ഇന്നലെ കാപ്പാട് മേഖലയിലെ വോട്ടർമാരെ അവർ നേരിട്ട് കണ്ട് വോട്ട് തേടി. വനിതകളാണ് സ്ക്വാഡ് പ്രവർത്തനത്തിൽ മുൻനിരയിലുണ്ട്. കോഴിക്കോട് സൗത്തിൽ ഐ.എൻ.എല്ലിലെ അഹമ്മദ് ദേവർകോവിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഇന്നലെ അദ്ദേഹം സി.പി.എം ഉൾപ്പെടുയുള്ള എൽ.ഡി.എഫ് ഘടകകക്ഷികളുടെ ഓഫീസുകൾ സന്ദർശിച്ചു. തിരുവമ്പാടിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ലിന്റോ ജോസഫ് താൻ പഠിച്ച പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂലെത്തി വോട്ട് അഭ്യർത്ഥിച്ചു. പ്രഖ്യാപനം വന്ന ഉടൻ തന്നെ അദ്ദേഹം പ്രവർത്തനം സജീവമാക്കിയിരുന്നു. അതേസമയം, ഇവിടത്തെ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് കല്ലുകടിയാവുന്നുണ്ട്. പി.ടി.എ റഹീമിന് കുന്ദമംഗലത്ത് മികച്ച വരവേല്പാണ്. തുടർച്ചയായി രണ്ട് തവണ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം ഇക്കുറി 'മനസറിഞ്ഞ് നാടറിഞ്ഞ് " എന്ന മുദ്രാവാക്യം ഉയർത്തിയാണ് വീണ്ടും വോട്ട് തേടുന്നത്. ഇന്നലെ കുന്ദമംഗലം മണ്ഡലം എൽ.ഡി.എഫ് കൺവെൻഷനുമുണ്ടായിരുന്നു. 'ഉറപ്പുള്ള നന്മ, കരുത്തുള്ള വികസനം" എന്ന മുദ്രാവാക്യവുമായി കൊടുവള്ളിയിൽ കാരാട്ട് റസാഖും കളം നിറയുകയാണ്. മറുപക്ഷത്ത് ലീഗിനുള്ളിൽ തർക്കം മുറുകുമ്പോൾ വിജയത്തുടർച്ചയ്ക്കായി കാരാട്ട് റസാഖ് ആദ്യറൗണ്ടിൽ അതിവേഗം മുന്നേറുകയാണ്.