machine
വോട്ടിംഗ് മെഷീൻ ലോക്കറിൽ സൂക്ഷിക്കുന്നതിനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വെള്ളയിൽ സെൻട്രൽ വെയർ ഹൌസ് ഗോഡൗണിൽ വെച്ച് വിതരണം ചെയ്തപ്പോൾ

കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ജില്ലയിൽ അന്തിമഘട്ടത്തിലേക്ക് കടന്നു.

കൊവിഡ് പശ്ചാത്തലത്തിലുള്ള മുൻകരുതലുകൾക്കു പുറമെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ജില്ലാ കളക്ടർ എസ്. സാംബശിവറാവു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിൽ 13 നിയോജകമണ്ഡലങ്ങളിലായി ഇതുവരെ 24.70 ലക്ഷം വോട്ടർമാരാണുള്ളത്. അന്തിമവോട്ടർപട്ടിക വരുമ്പോൾ വോട്ടർമാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാവും. 3,790 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ 2,179 പ്രധാന പോളിംഗ് സ്റ്റേഷനുകളും 1,611 അധിക പോളിംഗ് സ്റ്റേഷനുകളുമാണ്. വോട്ടർമാരുടെ എണ്ണം ആയിരത്തിൽ കൂടുന്ന ബൂത്തുകളിലാണ് അധിക പോളിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുക. ഇവയ്ക്കായി കെട്ടിടസൗകര്യം ലഭ്യമായില്ലെങ്കിൽ താത്കാലിക ഷെഡ് ഒരുക്കും. എല്ലാ പോളിംഗ് സ്റ്റേഷനുകളും ഭിന്നശേഷിസൗഹൃദമായിരിക്കും. ഹരിത പ്രോട്ടോകോൾ പാലിച്ചായിരിക്കും പ്രവർത്തനം. മുതിർന്നവർ, ഭിന്നശേഷിക്കാർ, കൊവിഡ് ബാധിതർ, കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർ, അവശ്യവിഭാഗക്കാർ എന്നിവർക്ക് പോസ്റ്റൽ വോട്ട് വിനിയോഗിക്കാം. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അറിയാനും കൈകാര്യം ചെയ്യുന്നതിനുമായി ജില്ലയിൽ 'അവകാശം' എന്ന പോർട്ടൽ ഒരുക്കുന്നുണ്ട്. വോട്ടർമാരുടെ സംശയങ്ങൾക്കും സഹായങ്ങൾക്കുമായി 1950,18004251440 എന്നീ നമ്പറുകളിലും ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് 18005990469 എന്നീ നമ്പറുകളിലും ബന്ധപ്പെടാം. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി പൊലീസ് സംവിധാനങ്ങളടക്കം പൂർണസജ്ജമാണ്. ജില്ലയിൽ 1457പോളിംഗ് ബൂത്തുകളാണ് പ്രത്യേക ശ്രദ്ധവേണ്ടവ. വൾനറബിൾ ബൂത്തുകൾ 82, സെൻസിറ്റിവ് ബൂത്തുകൾ 1230, ക്രിട്ടിക്കൽ ബൂത്ത് 77, മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകൾ 67 എന്നിങ്ങനെയാണിവ. 50 ശതമാനം പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് സജ്ജീകരിച്ചിട്ടുണ്ട്. ഇപ്രകാരം 1900 പോളിംഗ് ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് ഉണ്ടാവും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സ്‌ക്വാഡുകൾ രൂപീകരിച്ചതായും കളക്ടർ പറഞ്ഞു തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ.അജീഷ്, എ.ഡി.എം. എൻ. പ്രേമചന്ദ്രൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.  ബോധവത്കരണത്തിനായി സൗഹൃദ ഫുട്‌ബാൾ മത്സരം 17ന് നിയമസഭാ തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ശുചിത്വമിഷന്റെയും ആഭിമുഖ്യത്തിൽ സൗഹൃദ ഫുട്‌ബാൾ മത്സരം സംഘടിപ്പിക്കും. മാർച്ച് 17ന് വൈകിട്ട് 4.30ന് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ മുൻ ഐ.എസ്.എൽ ഫുട്‌ബാൾ താരം സുശാന്ത് മാത്യുവിന്റെ നേതൃത്വത്തിലാണ് മത്സരം. കളക്ടറുടെ ഫേസ്ബുക്ക് പേജിൽ മത്സരത്തിന്റെ ലൈവ് സ്ട്രീമിംഗുമുണ്ടാവും.