കുന്ദമംഗലം: മൂന്നാം അങ്കത്തിനായി സിറ്റിംഗ് എം.എൽ.എ പി.ടി.എ റഹീം കുന്ദമംഗലത്ത് പടപ്പുറപ്പാട് തുടങ്ങിക്കഴിഞ്ഞു. എതിർസ്ഥാനാർത്ഥികളിൽ യു.ഡി.എഫ് സ്വതന്ത്രനായി ദിനേശ് പെരുമണ്ണയുടെ പേര് ഇന്നലെ പ്രഖ്യാപിച്ചപ്പോൾ ബി.ജെ.പി യുടെ പോരാളി ആരെന്ന് അറിയേണ്ടതുണ്ട്.
ഇതിനകം തികഞ്ഞ കുന്ദമംഗലത്തുകാരനായി മാറിയ പി.ടി.എ റഹീം ഇത്തവണയും സി.പി.എം സ്വതന്ത്രനായാണ് ജനവിധി തേടുന്നത്. 2011ൽ മുൻ എം.എൽ.എ യു.സി രാമനെയും 2016ൽ കോൺഗ്രസ് നേതാവ് ടി.സിദ്ദിഖിനെയുമാണ് പരാജയപ്പെടുത്തിയത്. ഇതിനകം ആയിരം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഈ 72 കാരനായ കൊടുവള്ളിക്കാരൻ കുന്ദമംഗലത്ത് നടപ്പാക്കിയിട്ടുണ്ട്. 2020- 21 വർഷം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു 100 ശതമാനം തുകയും വിനിയോഗിച്ച എം.എൽ.എ യാണ് ഇദ്ദേഹം.
കഴിഞ്ഞ തവണ കുന്ദമംഗലം സീറ്റ് കോൺഗ്രസിന് ലഭിച്ചപ്പോൾ റഹീമിനെതിരെ മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി അബു മത്സരിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞുകേട്ടത്. പിന്നീടാണ് ടി. സിദ്ദിഖിന്റെ വരവ്. അദ്ദേഹത്തിന് പക്ഷേ, ഈ മണ്ഡലത്തിൽ പ്രതീക്ഷിച്ചത്ര പ്രകടനം കാഴ്ച വെക്കാനായില്ല. 11,205 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് റഹീം രണ്ടാംതവണ വിജയക്കൊടി പാറിച്ചത്. ഇത്തവണ യു.ഡി.എഫിൽ ഈ സീറ്റ് ലീഗിന് ലഭിക്കുകയായിരുന്നു. ബി.ജെ.പി യുടെ സ്ഥാനാർത്ഥി ആരെന്ന് ഇന്ന് പ്രഖ്യാപിച്ചേക്കും.
മണ്ഡലത്തിൽ മുഖ്യ പോരാട്ടം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണെങ്കിലും പരമാവധി വോട്ട് പിടിക്കാനുള്ള തന്ത്രങ്ങളാവിഷ്കരിച്ചാണ് ബി.ജെ.പി ക്യാമ്പ് രംഗത്തെത്തുന്നത്. കടുത്ത ത്രികോണ മത്സരം സൃഷ്ടിക്കുകയാണ് ബി.ജെ.പി യുടെ ലക്ഷ്യം.