
കുറ്റ്യാടി: കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുകൊടുത്തതിനെതിരെ ഉയർന്ന പ്രതിഷേധത്തിന്റെ ചൂടുകാറ്റ് നീങ്ങിയില്ലെങ്കിലും എൽ.ഡി.എഫിൽ സാവധാനം മഞ്ഞുരുകുന്നതായി സൂചന.
സീറ്റിന്റെ കാര്യത്തിൽ പുന:പരിശോധനയില്ലെന്ന് സംസ്ഥാന നേതാക്കൾ വ്യക്തമാക്കി കഴിഞ്ഞു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ തന്നെയായിരിക്കും ഇവിടെ സ്ഥാനാർത്ഥി. ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ഇദ്ദേഹം കോഴിക്കോട്ടെത്തി സി.പി.എം നേതാക്കളെ കണ്ടിരുന്നു.
പാർട്ടി അച്ചടക്കത്തെ വെല്ലുവിളിച്ചുള്ള പരസ്യപ്രതിഷേധം അംഗീകരിക്കാനാവില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കുന്നുമ്മൽ ഏരിയ കമ്മിറ്റി യോഗം. ഈ പ്രതിഷേധങ്ങൾ കണക്കിലെടുക്കേണ്ടതില്ലെന്ന തീരുമാനം കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും അംഗീകരിച്ചു. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, ജില്ലാ സെക്രട്ടറി പി. മോഹനൻ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഇത്തരം പ്രതിഷേധങ്ങൾ അംഗീകരിച്ചാൽ പ്രശ്‌നങ്ങളില്ലാത്തിടത്തും പ്രതിഷേധങ്ങൾ ഉയർന്നുവന്നേക്കാമെന്ന് യോഗം വിലയിരുത്തി. പാർട്ടി നേതൃത്വത്തിന്റെ തീരുമാനം വിശദീകരിക്കാൻ 14ന് കുറ്റ്യാടി ടൗണിൽ വിശദീകരണ യോഗം നടക്കും. ഈ പൊതുയോഗത്തോടെ പ്രവർത്തകരെ തണുപ്പിക്കാൻ കഴിയുമെന്ന കണക്കൂകൂട്ടലിലാണ് നേതൃത്വം.