
കോഴിക്കോട് : കാൽ നൂറ്റാണ്ടിന് ശേഷം വീണ്ടും വനിതാ സ്ഥാനാർത്ഥി... കോൺഗ്രസിൽ നിന്ന് തിരിച്ചെടുത്ത സീറ്റിൽ മുന്നണിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഡി.സി.സി ജനറൽ സെക്രട്ടറി... കൊടുവള്ളി കോട്ട തിരിച്ചുപിടിക്കാൻ സീനിയർ നേതാവായ ഡോ.എം.കെ.മുനീർ. ട്വിസ്റ്റും ത്രില്ലും നിറഞ്ഞ പട്ടികയുമായി മുസ്ലിം ലീഗ് രംഗത്തെത്തിയതോടെ ജില്ലയിൽ പോരാട്ടം കടുക്കുമെന്ന് ഉറപ്പായി.
വിജയം മാത്രം ലക്ഷ്യം വെച്ചാണ് ലീഗിന്റെ അങ്കപ്പറപ്പാട്. സിറ്റിംഗ് സീറ്രായ കോഴിക്കോട് സൗത്തിൽ നിന്ന് കൊടുവള്ളി തിരിച്ചു പിടിക്കുകയെന്ന ദൗത്യവുമായി ഡോ.എം.കെ. മുനീർ വണ്ടി കയറുമ്പോൾ സിറ്റിംഗ് സീറ്റ് നില നിറുത്താൻ ലീഗ് കണ്ടെത്തിയത് വനിത സ്ഥാനാർത്ഥി അഡ്വ.നൂർബിന റഷീദിനെ. കാൽ നൂറ്റാണ്ടിന് ശേഷം കോണി ചിഹ്നത്തിൽ വീണ്ടും വനിത സ്ഥാനാർത്ഥി മത്സരത്തിനിറങ്ങുകയാണ്. വനിതകളെ പരിഗണിക്കുന്നില്ലെന്ന പേരുദോഷം ലീഗ് ഇല്ലാതാക്കുന്നത് സിറ്റിംഗ് സീറ്റ് തന്നെ വനിതയ്ക്ക് നൽകിയാണെന്ന സവിശേഷതയുമുണ്ട്. ഐ.എൻ.എല്ലിന്റെ അഹമ്മദ് ദേവർകോവിലാണ് സൗത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി.
കഴിഞ്ഞ തവണ കോൺഗ്രസുമായി വെച്ചു മാറിയ കുന്ദമംഗലം ഇത്തവണ തിരിച്ചെടുത്തപ്പോൾ സ്ഥാനാർത്ഥിയായത് കോൺഗ്രസിന്റെ മുൻ ജില്ല പഞ്ചായത്ത് അംഗവും ജില്ലാ നേതാവുമായ ദിനേശ് പെരുമണ്ണയാണ്. പ്രദേശവാസിയായ ദിനേശ് പെരുമണ്ണ യു.ഡി.എഫ് സ്വതന്ത്രനായി മത്സരത്തിനിറങ്ങും. രണ്ട് തവണ നഷ്ടപ്പെട്ട സീറ്റ് പിടിച്ചെടുക്കാൻ ലീഗ് ഇവിടെ തുറുപ്പുചീട്ട് തന്നെ ഇറക്കുകയായിരുന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നു ദിനേശ് പെരുമണ്ണയുടെ സ്ഥാനാർത്ഥിത്വം. ലീഗിൽ നിന്ന് വിട്ട് കൊടുവള്ളിയിലും പിന്നീട് കുന്ദമംഗലത്തും വിജയക്കൊടി പാറിച്ച പി.ടി.എ റഹീമാണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി.
മറ്റൊരു സിറ്റിംഗ് സീറ്റായ കുറ്ര്യാടിയിൽ പാറക്കൽ അബ്ദുള്ള ആത്മവിശ്വാസത്തിലാണ്. അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ പാർട്ടിയും. എൽ.ഡി.എഫിലെ പ്രതിസന്ധി കൂടി കണക്കിലെടുത്ത് വിജയം ഉറപ്പാക്കാമെന്ന പ്രതീക്ഷയിലാണ് ലീഗ്. കേരള കോൺഗ്രസ് എമ്മിന്റെ മുഹമ്മദ് ഇഖ്ബാൽ തന്നെയാകും എൽ.ഡി.എഫിനായി കുറ്റ്യാടിയിൽ ഇറങ്ങുക.
തിരുവമ്പാടി പിടിച്ചെടുക്കാൻ ഇത്തവണ ലീഗ് ഏല്പിച്ചത് ഏറെ വ്യക്തിബന്ധങ്ങളുള്ള അദ്ധ്യാപകൻ സി.പി. ചെറിയമുഹമ്മദിനെ. രാഷ്ട്രീയത്തിനപ്പുറമുള്ള വോട്ടും ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം. യുവ സ്ഥാനാർത്ഥി ലിന്റോ ജോസഫാണ് എതിരാളി.
സ്ഥാനാർത്ഥിനിർണയത്തിലെ അപാകതയിൽ കഴിഞ്ഞ തവണ നഷ്ടപ്പെട്ട കൊടുവള്ളിയെന്ന ലീഗിന്റെ പൊന്നാപുരം കോട്ട ഇത്തവണ വിട്ടു കൊടുക്കാൻ
അവർ ഒരുക്കമല്ല. പ്രദേശികതലത്തിൽ ചെറിയ തോതിൽ എതിർപ്പുണ്ടായെങ്കിലും എം.കെ. മുനീറെന്ന ശക്തനായ സ്ഥാനാർത്ഥിയെ അവതരിപ്പിക്കുന്നതിലൂടെ ലീഗ് ലക്ഷ്യമിടുന്നത് പ്രദേശിക നേതാക്കളുടെ ഗ്രൂപ്പ് പോരാട്ടം അവസാനിപ്പിക്കൽ കൂടിയാണ്. ലീഗ് വിമതനായി മത്സരിച്ച് വിജയിച്ച കാരാട്ട് റസാഖാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.
എൽ.ജെ.ഡി, കേരള കോൺഗ്രസ് (എം) പാർട്ടികൾ മുന്നണി വിട്ടതോടെ ജില്ലയിൽ ഒഴിവ് വരുന്ന പേരാമ്പ്ര, വടകര, എലത്തൂർ എന്നീ സിറ്റുകളിൽ പേരാമ്പ്രയിൽ ലീഗ് മത്സരിക്കും. മന്ത്രി ടി.പി. രാമകൃഷ്ണനെതിരെ ശക്തനായ സ്ഥാനാർത്ഥി എത്തിയേക്കും. ബേപ്പൂർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒടുവിൽ പേരാമ്പ്ര തന്നെ ഏറ്റെടുക്കാനായിരുന്നു തീരുമാനം. ഇവിടേക്കുള്ള സ്ഥാനാർത്ഥിയെ അടുത്ത ദിവസം പ്രഖ്യാപിക്കും.