
കോഴിക്കോട്: കൊവിഡ് പശ്ചാത്തലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും പാലിക്കേണ്ട മാർഗനിർദേശം പുറത്തിറക്കി. പ്രചാരണ വേളയിൽ ഗൃഹസന്ദർശനത്തിന് സ്ഥാനാർത്ഥിയടക്കം അഞ്ചു പേർ മാത്രമെ പാടുള്ളു. വീടുകൾക്കകത്തേക്ക് പ്രവേശിക്കാൻ പാടില്ല.
മാസ്‌ക്, ശാരീരിക അകലം എന്നിവ കർശനമായി പാലിച്ചിരിക്കണം. സംസാരിക്കുമ്പോൾ മാസ്‌ക് താഴ്ത്താൻ പാടില്ല. സാനിറ്റൈസർ കൃത്യമായ ഇടവേളകളിൽ ഉപയോഗിക്കണം. ക്വാറന്റൈനിലുള്ള വീടുകളിലും കൊവിഡ് രോഗികൾ, ഗർഭിണികൾ, വയോധികർ, ഗുരുതര രോഗബാധിതർ എന്നിവരുള്ള വീടുകളിലും പ്രചാരണം നടത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. മാസ്‌ക്, കൈയുറകൾ എന്നിവ കൊവിഡ് മാനദണ്ഡപ്രകാരം സംസ്‌ക്കരിക്കുന്നതിന് ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്. യോഗങ്ങൾ നടക്കുന്ന ഹാളുകളിലും കവാടത്തിലും സാനിറ്റൈസർ, സോപ്പ്, വെള്ളം എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തണം. കഴിയുന്നതും വലിയ ഹാൾ കണ്ടെത്തുകയും എ.സി. പ്രവർത്തിപ്പിക്കാതിരിക്കുകയും ജനാലകൾ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പുവരുത്തുകയും വേണം. കൈ കഴുകാനുള്ള സൗകര്യം, വിശ്രമമുറി, ശൗചാലയം എന്നിവിടങ്ങളിൽ സോപ്പും വെള്ളവും ഉറപ്പുവരുത്തുകയും അണുനശീകരണം നടത്തുകയും ചെയ്യണം. പനി, ചുമ, ജലദോഷം എന്നിവയുള്ളവർ പ്രചാരണത്തിന് പോകരുത്. ജാഥകളും പൊതുയോഗങ്ങളും കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ചായിരിക്കണം നടത്തേണ്ടത്. മൈതാനത്തിൽ കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേക കവാടങ്ങൾ ഒരുക്കണം. മൈതാനങ്ങളിൽ ശാരീരിക അകലം പാലിക്കുന്നതിനായി പ്രത്യേകം അടയാളപ്പെടുത്തണം. പൊതുയോഗങ്ങളിൽ തെർമൽ സ്‌കാനിംഗ് നടത്തുകയും മാസ്‌ക്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗം ഉറപ്പുവരുത്തുകയും വേണം. സ്ഥാനാർത്ഥികൾക്ക് പ്രത്യേക ബാങ്ക് അക്കൗണ്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക നൽകാനാഗ്രഹിക്കുന്നവർ തിരഞ്ഞെടുപ്പു ചെലവുകളുമായി ബന്ധപ്പെട്ട് സ്വന്തം പേരിലോ തന്റെയും തിരഞ്ഞെടുപ്പ് ഏജന്റിന്റെയും കൂടി പേരിലോ പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിക്കണം. അക്കൗണ്ട് സഹകരണ ബാങ്ക് ഉൾപ്പെടെ ഏത് ബാങ്കിലും പോസ്റ്റ് ഓഫീസിലും ആരംഭിക്കാം. സ്ഥാനാർത്ഥി നേരിട്ട് ചെലവഴിക്കുന്ന തുകകളും മറ്റുളളവർ നൽകുന്ന സംഭാവനകളും ഈ അക്കൗണ്ടിൽ നിക്ഷേപിച്ച് തിരഞ്ഞെടുപ്പ് ചെലവുകൾക്കുളള തുകകൾ ഇതിൽ നിന്നു പിൻവലിച്ച് നൽകണം. തിരഞ്ഞെടുപ്പ് കാലയളവിൽ ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ ആകെ നൽകുന്ന തുക പതിനായിരം രൂപയിൽ കൂടുതലാണെങ്കിൽ അത്തരം ചെലവുകൾ അക്കൗണ്ട് പേയീ ചെക്കായി മാത്രമേ നൽകാവൂ എന്ന് ചെലവ് നിരീക്ഷണ സെൽ നോഡൽ ഓഫീസർ അറിയിച്ചു. ഡ്യൂട്ടിയുള്ളവർ മൂന്ന് ദിവസത്തിനകം വാക്‌സിൻ സ്വീകരിക്കണം നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ജോലികൾക്കായി നിയോഗിക്കപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും കൊവിഡ് പ്രതിരോധ വാക്‌സിൻ മൂന്ന് ദിവസത്തിനകം സ്വീകരിക്കണം. ഇതുവരെ വാക്‌സിൻ സ്വീകരിക്കാത്ത ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് നിയമന ഉത്തരവ് സഹിതം തൊട്ടടുത്ത വാക്‌സിനേഷൻ കേന്ദ്രത്തിൽ ഹാജരായാൽ മതി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി നിയോഗിക്കപ്പെട്ടവർ വാക്‌സീൻ സമയപരിധിയ്ക്കകം സ്വീകരിച്ചിട്ടുണ്ടെന്ന് ഓഫീസ് മേലധികാരികൾ ഉറപ്പാക്കണം.