valayar
വാളയാർ പെൺകുട്ടികൾക്ക് നീതികിട്ടണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ നടത്തുന്ന നീതിയാത്രയ്ക്കിടെ കോഴിക്കോട് പ്രസ്ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വിതുമ്പുന്ന അമ്മ.

കോഴിക്കോട്: വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ അമ്മ നയിക്കുന്ന നീതിയാത്ര ഇന്നലെ കോഴിക്കോടെത്തി. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ ഇപ്പോഴും സർക്കാർ സംരക്ഷിക്കുകയാണെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. വിചാരണ കോടതിയും ഹനീഫ കമ്മിഷനും ഹൈക്കോടതിയിൽ സർക്കാർ നൽകിയ സത്യവാങ് മൂലവും ഹൈക്കോടതി വിധിയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ചാക്കോ എന്ന ഉദ്യോഗസ്ഥന് സി.ഐയായും കേസിന്റെ അന്വേഷണ ചുമതല ഉണ്ടായിരുന്ന ഡിവൈ.എസ്.പി സോജന് എസ്.പിയായും സ്ഥാനക്കയറ്റം നൽകുകയാണ് സർക്കാർ ചെയ്തത്. ആദ്യ പെൺകുട്ടി മരിച്ചപ്പോൾ പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസിനോട് ആവശ്യപ്പെട്ടതാണ്. അത് തന്നിരുന്നെങ്കിൽ ഞങ്ങൾക്ക് രണ്ടാമത്തെ മകളെ നഷ്ടപ്പെടില്ലായിരുന്നു. ഞങ്ങൾ സമരം നടത്തുന്നത് എന്തിനാണെന്ന് അറിയില്ലെന്നാണ് മന്ത്രി എ.കെ ബാലൻ പറഞ്ഞത്. ഇനിയൊരു പെൺകുട്ടികൾക്കും ഈ അവസ്ഥ വരരുതെന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുറ്റം ഏറ്റെടുത്താൽ രക്ഷിക്കാമെന്ന് കുട്ടികളുടെ അച്ഛനോട് പൊലീസ് പറയുന്നതിൽ വ്യക്തമാണല്ലോ കേസ് അട്ടിമറി ശ്രമമാണ് നടക്കുന്നതെന്ന് വാളയാർ നീതി സമരസമിതി നേതാവ് സി.ആർ നീലകണ്ഠൻ പറഞ്ഞു. നിങ്ങൾ ആർക്കു വേണമെങ്കിലും വോട്ടു ചെയ്തോളൂ. വാളയാർ പെൺകുട്ടികൾക്ക് നീതി വേണമെന്നതാണ് ഞങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

പെൺകുട്ടികളുടെ അച്ഛൻ, സെറീന പ്രക്കാട്ട് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.