
കോഴിക്കോട്: പേരാമ്പ്ര സീറ്റ് ലീഗിന് നൽകിയതിനെതിരെ കോൺഗ്രസ് കൂട്ടായ്മ സംഘടിപ്പിച്ചു. ബുധനാഴ്ചയ്ക്കകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുമെന്ന് കോൺഗ്രസ് കൂട്ടായ്മ ഭാരവാഹികൾ വ്യക്തമാക്കി.
പേരാമ്പ്രയിലെ കോൺഗ്രസ് നേതൃത്വം പ്രവർത്തകരെ വഞ്ചിക്കുന്ന നിലപാടാണ് കുറച്ച് കാലമായി സ്വീകരിക്കുന്നത്. ജില്ലാ - സംസ്ഥാന നേതൃത്വത്തിന് പരാതി കൊടുത്തിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കൂട്ടായ്മക്ക് നേതൃത്വം നൽകുന്നവർ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് കോൺഗ്രസ് കൂട്ടായ്മ രൂപീകരിച്ചത്. 17ന് പേരാമ്പ്രയിൽ നടക്കുന്ന ബഹുജന കൺവെൻഷനിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. ഇതിനായി മൂന്ന് പേരുടെ പാനൽ തയ്യാറാക്കിയിട്ടുണ്ട്.
ഒരു കാലത്ത് ശക്തമായിരുന്നു പേരാമ്പ്രയിലെ കോൺഗ്രസ് പ്രവർത്തനം. എന്നാൽ അടുത്ത കാലത്തായി സംഘടന നിർജ്ജീവമാണ്. എങ്ങനെയെങ്കിലും പണമുണ്ടാക്കുകയാണ് ഭാരവാഹികളുടെ ലക്ഷ്യമെന്നും കോൺഗ്രസ് കൂട്ടായ്മ ആരോപിക്കുന്നു.