പുൽപ്പള്ളി: പുൽപ്പള്ളി ടൗണിൽ പൊലീസ് സ്റ്റേഷന് മുൻവശത്ത് റോഡരികിൽ നിന്നിരുന്ന തണൽമരം മുറിച്ചുനീക്കി. വർഷങ്ങൾക്ക് മുമ്പ് ഗുഡ്സ് ഓട്ടൊ ഡ്രൈവർമാർ നട്ടുവളർത്തിയ തണൽമരമാണ് ശനിയാഴ്ച പുലർച്ചെ മുറിച്ചത്.
പൊതുമരാമത്ത് വകുപ്പിന്റെ റോഡരികിലായിരുന്ന മരം ആരുടെയും അനുമതി വാങ്ങാതെയാണ് മുറിച്ചത്. മരം മുറിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തി. ഇത് സംബന്ധിച്ച് ഡ്രൈവർമാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
പുൽപ്പള്ളി ടൗണിൽ ഡ്രൈവർമാർ നട്ടുവളർത്തിയ തണൽമരങ്ങൾ ചുട്ടുപൊള്ളുന്ന വേനൽ ചൂടിന് ആശ്വാസമാവുകയാണ്. പുൽപ്പള്ളി താന്നിത്തെരുവ് റൂട്ടിൽ സീതാദേവി ക്ഷേത്രത്തിന് സമീപത്തുള്ള റോഡരികിലാണ് ഡ്രൈവർമാർ വർഷങ്ങൾക്ക് മുമ്പ് തണൽമരങ്ങൾ നട്ടത്. ഇന്ന് ഇവ വഴി യാത്രക്കാർക്ക് ആശ്വാസം നൽകുകയാണ്.
ഏഴ് വർഷം മുമ്പാണ് ഗുഡ്സ് ഓട്ടോ ഡ്രൈവർമാർക്ക് ഇവിടെ സ്റ്റാൻഡ് അനുവദിച്ചത്. അന്ന് ഈ പ്രദേശത്ത് ഒരു മരം പോലും ഉണ്ടായിരുന്നില്ല. ചുട്ടുപൊള്ളുന്ന വെയിലിൽ ഡ്രൈവർമാരും ഏറെ കഷ്ടപ്പെട്ടു.
ഇതിന് പരിഹാരമായിട്ടാണ് ഇവർ നിരവധി തണൽമര തൈകൾ ഇവിടെ നട്ടത്. വേനൽ ചൂടിൽ തണലേക്കുന്ന ഈ മരച്ചുവട്ടിൽ വിശ്രമിക്കാൻ വയോജനങ്ങളടക്കം എത്താറുണ്ട്.