കോഴിക്കോട് : പൊതുജനങ്ങൾക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം അധികാരികളുടെ ശ്രദ്ധയിൽ പെടുത്താൻ ആരംഭിച്ച സിവിജിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി ഇതുവരെ ലഭിച്ചത് 3496 പരാതികൾ. 3428 പരാതികളിൽ നടപടിയെടുക്കുകയും 68 പരാതികളിൽ അന്വേഷണം നടക്കുകയുമാണ്.
അനധികൃത പോസ്റ്റർ പതിക്കൽ, പോസ്റ്ററുകൾ, ഫ്ലക്‌സുകൾ എന്നിവയ്‌ക്കെതിരെയാണ് കൂടുതൽ പരാതികൾ. കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന സിവിജിൽ ജില്ലാ കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികൾ നിയോജക മണ്ഡലം സ്‌ക്വാഡുകൾക്ക് കൈമാറി ഫ്ലൈയിംഗ് സ്‌ക്വാഡ്, ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവർ അന്വേഷിച്ച് നടപടി സ്വീകരിക്കുകയാണ് ചെയ്യുന്നത്. മദ്യം, ലഹരി, പാരിതോഷികങ്ങൾ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തൽ, മതസ്പർധയുണ്ടാക്കുന്ന പ്രസംഗങ്ങൾ, പെയ്ഡ് ന്യൂസ്, വോട്ടർമാർക്ക് സൗജന്യ യാത്രയൊരുക്കൽ, വ്യാജ വാർത്തകൾ, അനധികൃതമായി പോസ്റ്റർ പതിക്കൽ തുടങ്ങി പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയിൽ വരുന്നതെന്തുമാകട്ടെ സി വിജിൽ ആപ്ലിക്കേഷനിലൂടെ പരാതി നൽകാം. പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന സി വിജിൽ ആപ്ലിക്കേഷനിൽ തത്സമയ ചിത്രങ്ങൾ, രണ്ടു മിനിറ്റു വരെ ദൈർഘ്യമുള്ള വീഡിയോകൾ, ശബ്ദരേഖകൾ എന്നിവ സമർപ്പിക്കാൻ സാധിക്കും.