
കോഴിക്കോട്: അയൽമണ്ഡലങ്ങളിലേക്കു പോലും ആശങ്ക പടർത്തിയ കുറ്റ്യാടി പ്രശ്നത്തിന് ഏറെ വൈകാതെ അറുതിയായപ്പോൾ സി.പി.എം അണികൾക്കെന്നപോലെ നേതൃത്വത്തിനും ആശ്വാസം. നാട്ടുകാരനായ സ്വന്തം സ്ഥാനാർത്ഥിയെ കിട്ടില്ലെന്നു ഉറപ്പായെങ്കിലും സ്വന്തം ചിഹ്നത്തിൽ വോട്ട് ചെയ്യാനാവുമല്ലോ എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് സി.പി.എം പ്രവർത്തകരും അനുഭാവികളും. ഇവിടെ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ടി.കുഞ്ഞിക്കണ്ണൻ, ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി.പി.ബിനീഷ് എന്നിവരുടെ പേരുകളാണ് ജില്ലാ നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ, സംസ്ഥാന നേതൃത്വം പരിഗണിക്കുന്നത് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമിനെയാണെന്നാണ് സൂചന.
പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്കു പിറകെയാണ് മുന്നണിയെ ബാധിക്കാത്ത തരത്തിൽ പ്രശ്നപരിഹാരത്തിന് വഴിതെളിഞ്ഞത്. അനുവദിച്ച സീറ്റ് തിരിച്ചേല്പിക്കാൻ കേരള കോൺഗ്രസ് തയ്യാറാവുകയായിരുന്നു. തങ്ങളുടെ സ്ഥാനാർത്ഥിയുടെ വരവു കാരണം മുന്നണിക്ക് പ്രതിസന്ധി വേണ്ടെന്ന നിലപാട് ജോസ് കെ.മാണി കൈക്കൊണ്ടതിലൂടെ ഒരു സീറ്റ് കുറച്ച് വലിയ വിട്ടുവീഴ്ച ചെയ്തുവെന്നതിനു പുറമെ ഈ 'ത്യാഗ"ത്തിന്റെ കാര്യം ഭാവിയിൽ ചൂണ്ടിക്കാണിക്കാൻ പറ്റുമെന്നുമായി.
കുറ്റ്യാടി സീറ്റ് വിട്ടുകൊടുക്കാതെ പാർട്ടി സ്ഥാനാർത്ഥിയെ തന്നെ നിറുത്തണമെന്ന ആവശ്യമുയർത്തിയായിരുന്നു ഇവിടെ സി.പി.എം പ്രവർത്തകരുടെ പരസ്യപ്രതിഷേധം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പി.കുഞ്ഞമ്മദ് കുട്ടിക്ക് സീറ്റ് നൽകണമെന്ന ആവശ്യവും അണികൾ മുന്നോട്ടുവച്ചിരുന്നു. വടകര താലൂക്കിലെ നാദാപുരത്തും വടകരയിലും കൂടി തിരിച്ചടിയുണ്ടാകുമോയെന്ന ഉത്കണ്ഠ പടർന്ന സാഹചര്യത്തിലാണ് സീറ്റ് തിരച്ചെടുക്കുകയെന്ന ആലോചനയിലേക്ക് സംസ്ഥാന നേതൃത്തെ എത്തിച്ചതും ആ നിലയ്ക്ക് തീരുമാനം വന്നതും. കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയായി മുഹമ്മദ് ഇക്ബാലിനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുള്ള പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ശേഷമാണ് സി.പി.എം സീറ്റ് തിരിച്ചെടുക്കുന്നത്.
കെ.പി.കുഞ്ഞമ്മദ്കുട്ടിയെ സ്ഥാനാർത്ഥിയാക്കില്ലെന്ന് സംസ്ഥാന നേതൃത്വം ഉറപ്പിച്ചിരുന്നു. സാമുദായിക പരിഗണന കൂടി നോക്കിയാണ് എ.എ.റഹീമിനെ സ്ഥാനാർത്ഥിയാക്കാൻ ഉദ്ദേശിക്കുന്നത്. മുസ്ലിം ലീഗിന്റെ സിറ്റിംഗ് എം.എൽ.എ പാറക്കൽ അബ്ദുള്ളയാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി.
കുറ്റ്യാടി സി.പി.എമ്മിന് വിട്ടുകൊടുത്തു:
ജോസ് കെ. മാണി
കോട്ടയം. കേരളാ കോൺഗ്രസിന് (എം) ലഭിച്ച കുറ്റ്യാടി സീറ്റ് സി.പി.എമ്മിന് വിട്ടുനൽകിയതായി ചെയർമാൻ ജോസ് കെ.മാണി അറിയിച്ചു. 13 സീറ്റ് പാർട്ടിക്ക് അവകാശപ്പെട്ടതാണെങ്കിലും നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഇടതുമുന്നണി നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം എടുത്തതെന്ന് ജോസ് പറഞ്ഞു.
കുറ്റ്യാടി സീറ്റ്: ജോസിനെ അഭിനന്ദിച്ച് കോടിയേരി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഘടകകക്ഷിയായ കേരളകോൺഗ്രസ് എമ്മിനാണ് കുറ്റ്യാടി സീറ്റ് നൽകിയതെങ്കിലും മുന്നണിയുടെ കെട്ടുറപ്പിനുവേണ്ടി സീറ്റ് സി.പി.എമ്മിന് തിരികെ നൽകിയ ജോസ്.കെ മാണി പ്രത്യേക അഭിനന്ദനം അർഹിക്കുന്നുവെന്ന് കോടിയരി ബാലകൃഷ്ണൻ പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്ത് തിരഞ്ഞെടുപ്പ് പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു അഭിനന്ദനം അറിയിച്ചത്. സീറ്റ് നൽകിയതിന് പിന്നാലെ കുറ്റ്യാടിയിലുണ്ടായ പ്രാദേശിക പ്രശ്നങ്ങൾ മുന്നണിയുടെ കെട്ടുറപ്പിനെെ ബാധിക്കാതിരിക്കാനാണ് അദ്ദേഹം ഇത്തരമൊരു നിലപാടെടുത്തത്. ഇതാണ് എൽ.ഡി.എഫിൻെറ പ്രത്യേകത. കേരള കോൺഗ്രസ് കുറ്റ്യാടിയിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ച മുഹമ്മദ് ഇക്ബാൽ പിൻമാറാൻ തയാറായത് ഉയർന്ന രാഷ്ട്രീയ മര്യാദയാണെന്നും കോടിയേരി പറഞ്ഞു.