മുക്കം: മുന്നണികൾ മൂവരും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ തിരുവമ്പാടിയിൽ പോരാട്ട ചിത്രം തെളിഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ലിൻേറാ ജോസഫ് ബുധനാഴ്ച മുതലും യു.ഡി.എഫ് സ്ഥാനാർത്ഥി സി.പി.ചെറിയ മുഹമ്മദ് വെള്ളിയാഴ്ച മുതലും പ്രചാരണ രംഗത്ത് സജീവമായി. എൻ.ഡി.എ സ്ഥാനാർത്ഥി ബേബി അമ്പാട്ടിന്റെ രംഗപ്രവേശം ഇന്നലെയായിരുന്നു.
സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും ക്ഷേമ പ്രവർത്തനങ്ങളും എം.എൽ.എയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ നടപ്പാക്കിയ രണ്ടായിരം കോടി രൂപയുടെ വികസന പ്രവർത്തനങ്ങളും പ്രചാരണായുധമാക്കി തുടർവിജയം കൊയ്യാമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്. എന്നാൽ അടിയൊഴുക്കുകൾ സൃഷ്ടിച്ച് അട്ടിമറി വിജയം നേടാനുള്ള കരുക്കളാണ് യു.ഡി.എഫ് നീക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രയോഗിച്ചതും വിവാദമായതോടെ 'ഉപേക്ഷിച്ചതുമായ' വെൽഫെയർ സഖ്യം പൊടിതട്ടിയെടുക്കാനാണ് മുസ് ലിം ലീഗിന്റെ നീക്കം. തിരുവമ്പാടിയിൽ മുസ് ലിം ലീഗ് മത്സരത്തിനിറക്കിയ സ്ഥാനാർത്ഥിയും വെൽഫെയറും തമ്മിൽ ഗെയിൽ വിരുദ്ധ പ്രക്ഷോഭകാലം മുതൽ ദൃഢമായ ബന്ധത്തിലാണ്. ആ ബന്ധം മുതലാക്കാനാണ് ഇരു പാർടികളുടെയും ശ്രമം. വെൽഫെയർ പാർട്ടിക്ക് വോട്ട് സ്വാധീനം കൂടുതലുള്ള മണ്ഡലമാണ് തിരുവമ്പാടി. അറിയപ്പെടുന്ന സംസ്ഥാന ജില്ലാ നേതാക്കളിൽ അധികം പേരും ചേന്ദമംഗല്ലുർ, കൊടിയത്തൂർ, ചെറുവാടി മേഖലകളിൽ നിന്നുള്ളവരുമാണ്. തിരുവമ്പാടിയിൽ ആറായിരത്തോളം വോട്ടുണ്ടെന്നാണ് അവരുടെ അവകാശ വാദം. വെൽഫെയർ പാർട്ടിക്ക് മുക്കം നഗരസഭയിൽ മൂന്ന് കൗൺസിലർമാരും കൊടിയത്തൂർ പഞ്ചായത്തിൽ രണ്ടംഗങ്ങളും കാരശ്ശേരി പഞ്ചായത്തിൽ ഒരംഗവുമുണ്ട്. ഈ മൂന്ന് തദ്ദേശ സ്ഥാപനങ്ങളും തിരുവമ്പാടി മണ്ഡല പരിധിയിലാണ്. നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ വെൽഫെയർ പാർടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞത് തിരഞ്ഞെടുപ്പിൽ തിരുവമ്പാടി അടക്കം അമ്പതിലധികം സീറ്റുകളിൽ ഒറ്റയ്ക്കു മത്സരിക്കുമെന്നാണ്. പറഞ്ഞത് വിഴുങ്ങി തിരുവമ്പാടിയിൽ മത്സരിക്കുന്നതിൽ നിന്ന് പിന്നാക്കം പോകുന്നതിൽ അണികൾക്കിടയിൽ പ്രതിഷേധമുണ്ട്. എൻ.ഡി.എ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുക്കം സി.എച്ച്.സി ജംഗ്ഷനിൽ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു.