ele

കോഴിക്കോട് : സ്ഥാനാർത്ഥി പ്രഖ്യാപനം ഏതാണ്ടെല്ലാം പൂർത്തിയായതോടെ അങ്കത്തിന് അടവുകൾ മിനുക്കി മുന്നണികൾ. എലത്തൂർ, കുറ്ര്യാടി, പേരാമ്പ്ര, വടകര മണ്ഡലങ്ങളിൽ ചിത്രത്തിൽ വ്യക്തത കുറവുണ്ടെങ്കിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച മുന്നണികൾ പ്രചാരണത്തിൽ ഇവിടെയും മുന്നേറി കഴിഞ്ഞു.

മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് എന്നിവർ മത്സരിക്കുന്ന കോഴിക്കോട് നോർത്തിൽ മത്സരം പൊടിപാറും.

ബി.ജെ.പി സ്ഥാനാർത്ഥിയായി കോർപ്പറേഷൻ കൗൺസിലർ നവ്യ ഹരിദാസ് എത്തിയതോടെ കോഴിക്കോട് സൗത്തിൽ വനിത പോരാട്ടത്തിന് കൂടി കളം ഒരുങ്ങി. അഡ്വ. നൂർബിന റഷീദാണ് ഇവിടെ മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി. നിലവിലെ കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറും മുൻ കൗൺസിലറും തമ്മിലുള്ള പോരാട്ട വേദി കൂടിയാകും സൗത്ത് മണ്ഡലം. ഐ.എൻ.എല്ലിന്റെ അഹമ്മദ് ദേവർകോവിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.

ബാലുശ്ളേരിയിൽ സിനിമ താരം ധർമജൻ ബോൾഗാട്ടി എത്തിയതോടെ മണ്ഡലത്തിന് താരത്തിളക്കം കൈവന്നു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവിന് വേണ്ടി സിനിമാ പരസ്യങ്ങളെ വെല്ലുന്ന പോസ്റ്ററുകളും വീഡിയോകളുമാണ് എൽ.ഡി.എഫ് പ്രചാരണത്തിനായി ഇറക്കിയിരിക്കുന്നത്. ബാലുശേരി സ്വദേശി കൂടിയായ യുവ സ്ഥാനാർത്ഥി ലിബിൻ ബാലുശ്ശേരിയാണ് ബി.ജെ.പിയുടെ പടനായകൻ. 30 വയസിൽ താഴെയുള്ള രണ്ട് സ്ഥാനാർത്ഥികളും സിനിമാതാരവും കളത്തിലിറങ്ങിയ മണ്ഡലത്തിൽ പോരാട്ടം മിന്നിത്തിളങ്ങും.

നാദാപുരത്ത് ഇടത് വലത് മുന്നണികൾ നേരിട്ടുള്ള പോരാട്ടമാണ്. സ്ഥാനാർത്ഥികൾ കഴിഞ്ഞ തവണ മത്സരിച്ചവർ തന്നെ. സിറ്റിംഗ് എം.എൽ.എ ഇ.കെ വിജയൻ എൽ.ഡിഎഫിന് വേണ്ടിയും ഇടതുകോട്ടയെ ഞെട്ടിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച അഡ്വ. കെ. പ്രവീൺകുമാർ യു.ഡി.എഫിന് വേണ്ടിയും എം.പി.രാജൻ എൻ.ഡി.എയ്ക്കായും ഇത്തവണ വീണ്ടും ഇറങ്ങി.

കൊയിലാണ്ടി പിടിക്കാൻ എൻ. സുബ്രഹ്മണ്യനെയാണ് ഇത്തവണയും കോൺഗ്രസ് നിയോഗിച്ചത്. ബി.ജെ.പിയ്ക്കായി മത്സ്യപ്രവർത്തക സംഘം നേതാവായ എൻ.പി. രാധാകൃഷ്ണൻ എത്തിയതോടെ തീരദേശ വോട്ടുകൾക്ക് മുൻതൂക്കമുള്ള കൊയിലാണ്ടിയിൽ മത്സരം കടുത്തു. എൽ.ഡി.എഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീല നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചിരുന്നു.

പി.ടി.എ റഹീമിനെയും ദിനേശ് ഒളവണ്ണയെയും നേരിടാൻ ബി.ജെ.പി ജില്ല പ്രസിഡന്റ് വി.കെ സജീവനാണ് നിയോഗം. ബി.ജെ.പിയ്ക്ക് ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടുള്ള മണ്ഡലത്തിൽ ജില്ലാ പ്രസിഡന്റ് എത്തിയതോടെ പോരാട്ടത്തിന് വാശിയേറും.

ഇടതു കോട്ടയായ ബേപ്പൂലിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി.എ. മുഹമ്മദ് റിയാസിനെ നേരിടാനെത്തുന്നതും രണ്ട് അഭിഭാഷകർ. അഡ്വ. പി.എം. നിയാസ് കോൺഗ്രസിനായും അഡ്വ. പ്രകാശ്ബാബു ബി.ജെ.പിയ്ക്കായും രംഗത്തിറങ്ങി. ബി.ജെ.പിയ്ക്ക് മുപ്പതിനായിരത്തോളം വോട്ടുള്ള മണ്ഡലത്തിൽ ഇത്തവണ ത്രികോണ പോരാട്ടമാകും. തിരുമ്പാടിയിലും കൊടുവള്ളിയിലും എൽ.ഡി.എഫ് - യു.ഡി.എഫ് പോരാട്ടമാണ്. ബി.ജെ.പി പിടിക്കുന്ന വോട്ടുകൾ ഇരുമുന്നണികൾക്കും നിർണായകമാകും.

എലത്തൂരിലും പേരാമ്പ്രയിലും യു.ഡി.എഫും കുറ്റ്യാടിയിൽ എൽ.ഡി.എഫുമാണ് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. എലത്തൂരിൽ എൻ.സി.പിയിൽ നിന്നെത്തിയ മാണി സി കാപ്പൻ വിഭാഗത്തിനാണ് സീറ്റ്. എന്നാൽ ഇതിനെതിരെ കോഴിക്കോട് എം.പി എം.കെ. രാഘവൻ പരസ്യപ്രതിഷേധവുമായി രംഗത്തുണ്ട്. കോൺഗ്രസ് സീറ്റ് ഏറ്റെടുക്കണമെന്നാണ് ആവശ്യം. മന്ത്രി എ.കെ. ശശീന്ദ്രൻ പ്രചാരണ രംഗത്ത് ഏറെ മുന്നേറിക്കഴിഞ്ഞു.

ഇത്തവണ അധികമായി കിട്ടിയ പേരാമ്പ്രയിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കോൺഗ്രസ് പട്ടികയ്ക്കായി കാത്തിരിക്കുകയായിരുന്നു ലീഗ്. അതേസമയം പേരാമ്പ്രയിൽ ലീഗിന് സീറ്റ് നൽകുന്നതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ കലാപക്കൊടി ഉയർത്തിയിരുന്നു.

പരസ്യ പ്രതിഷേധത്തിന്റെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ കുറ്റ്യാടിയിൽ നിന്ന് കേരള കോൺഗ്രസ് എം പിൻവാങ്ങിയതോടെ സി.പി.എം സ്ഥാനാർത്ഥി വരും.

വടകരയിൽ കെ.കെ. രമയ്ക്കാണ് യു.ഡി.എഫ് പിന്തുണ. മത്സരിക്കാനില്ലെന്ന് അറിയിച്ച കെ. കെ രമ മത്സരിച്ചേക്കുമെന്നാണ് അറിയുന്നത്.