കോഴിക്കോട് : തിരഞ്ഞെടുപ്പ് ക്രമസമാധാന പാലനത്തിനായി റൂറൽ പൊലീസ് പരിധിയിൽ 1800 പൊലീസുകാർ സജ്ജം.

വോട്ടെടുപ്പ് ദിവസം 1600 സ്‌പെഷ്യൽ പൊലീസ് ടീമിനെ കൂടി നിയോഗിക്കും. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ ആന്റി നക്‌സൽ ടീമിനെ വിന്യസിക്കും. വടകര, കൊയിലാണ്ടി, താമരശേരി, പേരാമ്പ്ര, കൊടുവള്ളി, കുറ്റ്യാടി, തൊട്ടിൽപാലം, നാദാപുരം, എടച്ചേരി, ചോമ്പാല, പയ്യോളി, മേപ്പയ്യൂർ, കാക്കൂർ, അത്തോളി, വളയം, പെരുവണ്ണാമൂഴി, കൂരാച്ചുണ്ട്, തിരുവമ്പാടി, മുക്കം, ബാലുശേരി, കോടഞ്ചേരി സ്റ്റേഷനുകളാണ് റൂറൽ പരിധിയിലുള്ളത്. കേന്ദ്രസേനയുടെ രണ്ടു കമാൻഡന്റും എട്ട് സീനിയർ ഓഫീസർമാരുമടക്കം 500 സേനാംഗങ്ങൾ തൊട്ടിൽ പാലം , പയ്യോളി , പേരാമ്പ്ര , താമരശേരി എന്നിവിടങ്ങളിൽ ക്യാമ്പ് ചെയ്യും. റൂറൽ ഏരിയയിലെ 40 സ്ഥലങ്ങളിൽ റൂട്ട് മാർച്ച് നടത്തി. ജില്ലാ അതിർത്തികളിൽ കേന്ദ്രസേനയുടെ സഹായത്തോടെ പരിശോധനയും ശക്തമാക്കി. ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് മൂന്ന് കിലോ കഞ്ചാവ് പിടിച്ചു.