1
ധനൈ സാ സൈക്കിൾ റിക്ഷയിൽ കോഴിക്കോട്ടെത്തിയപ്പോൾ

കോഴിക്കോട്: സിനിമാതാരത്തോട് കടുത്ത ആരാധന, ഒടുവിൽ കഥാനായകനെ പോലെ ജീവിക്കാനിറങ്ങിയ ബീഹാറുകാരൻ നാടുചുറ്റുകയാണ് നിരക്ഷരതയുടെ ഇരുട്ടകറ്റാൻ. 54കാരനായ ധനൈ സായാണ് തന്റെ സൈക്കിൾ റിക്ഷയിൽ വിദ്യാഭ്യാസ സന്ദേശവുമായി ഭാരതപര്യടനത്തിന് ഇറങ്ങിയിരിക്കുന്നത്. കുട്ടിക്കാലത്ത് ധർമ്മേന്ദ്രയുടെ സിനിമകൾ ഒന്നൊഴിയാതെ കാണാറുള്ള ധനൈ സായുടെ ജീവിതം ക്രമേണ സിനിമ പോലെയായി. ബി.എ ആർട്സിൽ ബിരുദമെടുക്കുന്നത് വേഷപകർച്ചയുടെ തുടക്കമായിരുന്നു. ധർമ്മേന്ദ്രയുടെ മറ്റൊരു സിനിമയിലേതു പോലെ സ്കൂൾ ഓട്ടോറിക്ഷാ ഡ്രൈവറായി. അതിനിടെ ഒരു സത്യം ധനൈ സ മനസിലാക്കി. നാട്ടിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കുന്നില്ല. ഓട്ടോയിൽ കുട്ടികളെ കൊണ്ടുപോകുന്ന തൊഴിൽ മതിയാക്കി തന്റെ സൈക്കിൾ റിക്ഷയുമായി വിദ്യാഭ്യാസ പ്രചാരണത്തിന് യാത്ര തിരിച്ചു.

യാത്രയ്ക്കിടെ ധനൈ സാ രണ്ടു തവണ കേരളത്തിലെത്തി. ആദ്യ സന്ദർശന വേളയിൽ ശബരിമലയിലും പോയിരുന്നു. സന്ദേശയാത്രകൾക്കിടെ വിവാഹ ജീവിതം പോലും ഇദ്ദേഹം മറന്നുപോയി. യാത്രയ്ക്കിടയിലെ ഓരോ സംഭവങ്ങളും ധനൈ സായ്ക്ക് കാണാപാഠമാണ്. ഒരിക്കൽ ഇഷ്ടനായകൻ ധർമേന്ദ്രയെ കണ്ടതും വീട്ടിലേക്ക് വിളിച്ച് അഭിനന്ദിച്ചതും ആവേശത്തോടെയാണ് ഓർത്തെടുക്കുന്നത്.

പോകുന്നിടത്തെല്ലാം രണ്ടു ദിവസമെങ്കിലും താമസിക്കും. റിക്ഷയ്ക്ക് പുറത്തൊട്ടിച്ച സന്ദേശം വായിക്കുന്നവർ നൽകുന്ന പണമോ ഭക്ഷണമോ സന്തോഷത്തോ

ടെ സ്വീകരിക്കും. ചില സമയങ്ങളിൽ പോകുന്നിടത്ത് എന്തെങ്കിലും തൊഴിൽ ചെയ്ത് ഭക്ഷണത്തിന് വക കണ്ടെത്തും. പിന്നെയും തുടരും യാത്ര.