
കോഴിക്കോട്: കളിവിളക്കിന്റെ പ്രഭ കണ്ണുകളിൽ ആവാഹിച്ച നടനകലയുടെ ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചു. കഥകളി നടനും നൃത്ത അദ്ധ്യാപകനുമായ ചേമഞ്ചേരിക്ക് 105 വയസായിരുന്നു. കൊയിലാണ്ടിക്കടുത്ത് ചേലിയയിലെ വസതിയിൽ ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. കുറച്ചുകാലമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു.
80 വർഷത്തിലേറെ കലാരംഗത്ത് സജീവസാന്നിദ്ധ്യമായിരുന്ന കുഞ്ഞിരാമൻ നായർ കഥകളിയിലെന്നപോലെ കേരള നടനത്തിലും ഭരതനാട്യത്തിലും അതുല്യ പ്രതിഭയായിരുന്നു. 2017ൽ പദ്മശ്രീ നൽകി രാഷ്‌ട്രം ആദരിച്ചു. രാജ്യത്തെ ഏറ്റവും പ്രായം ചെന്ന ഫെർഫോമിംഗ് ആർട്ടിസ്റ്റായിരുന്നു.
മടയൻകണ്ടി ചന്തുക്കുട്ടി നായരുടെയും കിണറ്റിങ്കര അമ്മുക്കുട്ടി അമ്മയുടെയും മകനായി 1916 ജൂൺ 16ന് ചേലിയയിലെ വാരിയം വീട്ടിൽ ജനിച്ച ചേമഞ്ചേരിയുടെ ജീവിതം കഥകളിക്കായി ഉഴിഞ്ഞുവച്ചതായിരുന്നു.
കഥകളിയുടെ വടക്കൻരീതിയായ കല്ലടിക്കോടൻ ചിട്ടയുടെ പ്രചാരകരിൽ പ്രധാനിയുമാണ്. കൃഷ്ണനാണ് ഇഷ്ടവേഷം.
കേരള സംഗീത നാടക അക്കാഡമി അവാർഡ്, ഫെലോഷിപ്പ്, കേരള കലാമണ്ഡലം കലാരത്നം അവാർഡ്, കുലപതി അവാർഡ്, കലാദർപ്പണം അവാർഡ്, മയിൽപ്പീലി പുരസ്കാരം തുടങ്ങിയവ ലഭിച്ചു. പി.കെ. കൃഷ്ണദാസ് സംവിധാനം ചെയ്ത 'മുഖംമൂടികൾ" എന്ന സിനിമയിലും വേഷമിട്ടിരുന്നു. ഭാര്യ: പരേതയായ ജാനകി. ഏകമകൻ: പി. പവിത്രൻ. മരുമകൾ: നളിനി.
മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി എ.ഡിഎം എൻ. പ്രേമചന്ദ്രൻ റീത്ത് സമർപ്പിച്ചു. സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് വീട്ടുവളപ്പിൽ നടന്നു.