
കോഴിക്കോട് നോർത്ത്
എൽ.ഡി.എഫ് : തോട്ടത്തിൽ രവീന്ദ്രൻ
യു.ഡി.എഫ് : കെ.എം. അഭിജിത്ത്
എൻ.ഡി.എ : എം.ടി. രമേശ്
കോഴിക്കോട് : എളുപ്പത്തിലൊരു പ്രവചനം അസാദ്ധ്യം. തുടർച്ചയായി മൂന്ന് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച എ. പ്രദീപ്കുമാർ കളമൊഴിഞ്ഞപ്പോൾ ഇത്തവണ മുൻ മേയർ തോട്ടത്തിൽ രവീന്ദ്രനാണ് സി.പി.എം സ്ഥാനാർത്ഥി. മുമ്പ് കോഴിക്കോട് ഒന്ന് എന്നറിയപ്പെട്ടിരുന്നപ്പോൾ വിജയം സമ്മാനിച്ച മണ്ഡലം പിടിച്ചെടുക്കാൻ കോൺഗ്രസ് കളത്തിലിറക്കിയത് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെ. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ വോട്ട് വർദ്ധന കണക്കിലെടുത്ത് ബി.ജെ.പി എ ക്ലാസ് മണ്ഡലമായി കരുതുന്ന നോർത്തിൽ പോരിനിറങ്ങുന്നത് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശും.
ചരിത്രം
കോഴിക്കോട് കോർപ്പറേഷന്റെ 32 ഡിവിഷനുകൾ ഉൾക്കൊള്ളുന്ന മണ്ഡലം. 2016ൽ 27,873 വോട്ടിന് വിജയിച്ച എ.പ്രദീപ്കുമാർ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലത്തിൽ 4558 വോട്ടിന് കോൺഗ്രസിലെ എം.കെ. രാഘവന് പിന്നിലായി. മണ്ഡലത്തിൽ 1. 75 ലക്ഷം വോട്ടർമാരാണുള്ളത്.
ട്രെൻഡ്
നിയമസഭയിലേക്ക് എൽ.ഡി.എഫിനൊപ്പവും ലോക്‌സഭയിലേക്ക് യു.ഡി.എഫിനൊപ്പവും നിലയുറപ്പിക്കുന്ന മണ്ഡലത്തിൽ പഴയ കണക്കുകൾക്ക് വലിയ പ്രസക്തിയില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്തിയ ബി.ജെ.പി പിടിക്കുന്ന വോട്ടുകളായിരിക്കും വിജയം നിർണയിക്കുക. യുവവോട്ടർമാരുടെ നിലപാട് മണ്ഡലത്തിൽ നിർണായകമാവും.