കുന്ദമംഗലം: കുന്ദമംഗലത്ത് സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞതോടെ തീപാറും പോരാട്ടത്തിന് തുടക്കമായി. പിന്നിട്ട പത്ത് വർഷം മണ്ഡലത്തിൽ ആയിരം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തുകയും എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 100 ശതമാനം തുകയും വിനിയോഗിച്ച് പടയോട്ടം നടത്തുന്ന പി.ടി.എ റഹീമിനോട് ഏറ്റുമുട്ടാൻ യു.ഡി.എഫ് കളത്തിലിറക്കിയിരിക്കുന്നത് ദിനേശ് പെരുമണ്ണയെയാണ്. സാധാരണ കോൺഗ്രസ് പ്രവർത്തകനായി തുടങ്ങി ഡി.സി.സി സെക്രട്ടറിയായി മണ്ഡലത്തിലെ പൊതുരംഗത്ത് സുപരിചിതനായ ദിനേശ് പെരുമണ്ണയുടെ സ്ഥാനാർത്ഥിത്വം ഇടത് കേന്ദ്രങ്ങളിൽ അങ്കലാപ്പുളവാക്കിയിട്ടുണ്ട്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും മെമ്പറായിരുന്ന ദിനേശ് നല്ലൊരു സാമൂഹ്യ പ്രവർത്തകൻ കൂടിയാണ്. പെരുവയൽ പഞ്ചായത്ത് യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് മാവൂർ ബ്ലോക്ക് സെക്രട്ടറി, കുന്ദമംഗലം മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, ഡി.സി.സി. സെക്രട്ടറി എന്നീ പദവികൾ വഹിച്ച ദിനേശ് പെരുമണ്ണ ലീഗ് സ്വതന്ത്രനായി മത്സരിക്കുന്നുവെന്ന സവിശേഷത കൂടിയുണ്ട്.
എൻ.ഡി.എ സ്ഥാനാർത്ഥിയായി മണ്ഡലത്തിലെത്തിയിരിക്കുന്നത് ബി.ജെ.പി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ സജീവനാണ്. ബി.ജെ.പിക്ക് ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടുളള മണ്ഡലമാണ് കുന്ദമംഗലം. കഴിഞ്ഞ രണ്ട് തവണ സി.കെ പത്മനാഭൻ മത്സരിച്ച കുന്ദമംഗലം സംസ്ഥാനത്ത് ബി.ജെ.പി കൂടുതൽ ശ്രദ്ധ ചെലുത്തുന്ന മണ്ഡലങ്ങളിലൊന്നാണ്. ദീർഘകാലം യുവമോർച്ചയുടെയും ബി.ജെ.പിയുടെയും സംസ്ഥാന ചുമതലയിൽ പ്രവർത്തിച്ച അഡ്വ.വി.കെ സജീവൻ എ.ബി.വി.പിയിലൂടെ വളർന്ന് യുവമോർച്ച മേപ്പയൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, കൊച്ചി എളമക്കരയിലെ ആർ.എസ്.എസ് സംസ്ഥാന കാര്യാലയം ജോ. സെക്രട്ടറി, എറണാകുളം വിഭാഗ് ടീം, യുവമോർച്ച കാസർകോട്, കോട്ടയം ജില്ലകളുടെ ഓർഗനൈസിംഗ് സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ സമിതിയംഗം എന്നീ ചുമതലകളിലൂടെ വളർന്ന നേതാവാണ്. മണ്ഡലത്തിൽ മുഖ്യ പോരാട്ടം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണെങ്കിലും പരമാവധി വോട്ട് സമാഹരിക്കാനുള്ള തന്ത്രങ്ങളാവിഷ്ക്കരിച്ചാണ് ബി.ജെ.പിയുടെ നീക്കം. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇടതു-വലത് മുന്നണികളുടെ പ്രചാരണ മുന്നേറ്റം.