കോഴിക്കോട് : അന്ധ്രയിൽ നിന്നു സിമന്റ് ലോഡെന്ന വ്യാജേന 167 കിലോ കഞ്ചാവ് കടത്തിയ കേസിൽ അഞ്ചു മാസത്തിനു ശേഷം മൂന്ന് പേർ കൂടി എക്സൈസ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കഞ്ചാവ് പിടികൂടിയത് മലപ്പുറം വണ്ടൂരിൽ നിന്നായിരുന്നു.
ആന്ധ്രയിലെ കടപ്പയിൽ നിന്നു കേരളത്തിലേക്ക് സിമന്റ് ലോറിയിൽ എത്തിച്ച കഞ്ചാവ് വയനാട്ടിലെ പെരിയയിൽ പിക്ക് അപ്പ് വാഹനത്തിലേക്ക് മാറ്റിയ ശേഷം എറണാകുളത്തേക്ക് കൊണ്ടു പോകുന്നതിനിടെയാണ് കഴിഞ്ഞ ഒക്ടോബർ മൂന്നിന് വണ്ടൂരിൽ വെച്ച് നാലുപേർ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്.
പാലക്കാട് കറുകപുത്തൂർ സ്വദേശി ഹസ്സൻ (അസൈനാർ, 33 ), എറണാകുളം എടയാർ സ്വദേശി നവീൻ.എം.ജെ (28 ), പെരുമ്പാവൂർ കണ്ടന്തറ സ്വദേശി (കുഞ്ഞച്ചൻ, 34) എന്നിവരെയാണ് ഇന്നലെ എക്‌സൈസ് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവരിൽ തൻസീലിനെ എറണാകുളത്ത് വെച്ചും മറ്റു രണ്ട് പേരെ കോഴിക്കോട് വെച്ചും പിടികൂടുകയായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
നേരത്തെ പിടിയിലായത് പിക്ക് അപ്പ് വാഹനത്തിലുണ്ടായിരുന്ന പാലക്കാട് തൃക്കടീരി ജാബിർ (26) , എറണാകുളം പാനായിക്കുളം സ്വദേശി മിഥുൻ (30), എടയാർ സ്വദേശി സുജിത്ത് (30 ), കഞ്ചാവ് കടത്തിക്കൊണ്ടു വന്ന സിമന്റ് ലോറിയിലെ ഡ്രൈവർ പാലക്കാട് കറുകപുത്തൂർ സ്വദേശി അലിമോൻ (38) എന്നിവരാണ്.
ഒന്നാം പ്രതി ജാബിറിനോടൊപ്പം ആന്ധ്രയിലേക്ക് പോയി കഞ്ചാവ് കയറ്റി അയക്കുന്നതിൽ മുഖ്യപങ്കുവഹിച്ച അഞ്ചും ആറും പ്രതികളായ എറണാകുളം പാനായിക്കുളം സ്വദേശി ശരത്ത് രവീന്ദ്രൻ (29), ആലപ്പുഴ ഏഴുപുന്ന സ്വദേശി വർഗ്ഗീസ് ഷിക്‌സൺ (25) എന്നിവർ ഇപ്പോഴും ഒളിവിലാണ്. ഈ കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെക്കുറിച്ചും അന്വേഷണം നടന്നുവരികയാണ്.
ജാബിറിന്റെ ലോറിയുമായി ആന്ധ്രയിലേക്ക് പോയ പ്രതികൾ പോത്തുവണ്ടിയിൽ കഞ്ചാവ് പലതവണ കേരളത്തിലേക്ക് കടത്തിയിരുന്നു. ലോക്ക് ഡൗണിന്റെ മറവിൽ കഞ്ചാവ് സുരക്ഷിതമായി കേരളത്തിലെത്തിക്കാമെന്ന് മനസ്സിലാക്കിയ പ്രതികൾ പിന്നീട് കഞ്ചാവ് കച്ചവടം വിപുലീകരിക്കുകയായിരുന്നു.
എക്‌സൈസ് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ ആർ.എൻ.ബൈജു, ക്രൈം ബ്രാഞ്ച് പ്രിവന്റീവ് ഓഫീസർമാരായ സുധീർ, സുഗന്ധകുമാർ, സജീവ് സിവിൽ എക്‌സൈസ് ഓഫീസർ ജിബിൽ, ഡ്രൈവർ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.