വടകര:അഴിയൂർ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചോളം ബാർബർ ഷോപ്പിൽ നിന്നുള്ള മുടി മാലിന്യം സംസ്കരണ പദ്ധതിക്ക് തുടക്കമായി. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ വേർമ്സിന്റെ സഹകരണത്തോടെയാണ് മുടി മാലിന്യവും പ്ലാസ്റ്റിക് ആവരണങ്ങളും ശേഖരിക്കുന്നത്. കഴിഞ്ഞ വർഷം പദ്ധതി ആരംഭിച്ചെങ്കിലും കൊവിഡിനെ തുടർന്ന് പ്രവർത്തനം നിലച്ചു പോയിരുന്നു. ബാർബർ ഷോപ്പുകളിൽ പ്രത്യേക ക്യൂ .ആർ കോഡ് സ്റ്റിക്കർ പതിച്ചാണ് മാലിന്യം ശേഖരിക്കുന്നത്. ഇതിലൂടെ ഓരോ തവണയും എത്ര കിലോ മാലിന്യം ശേഖരിക്കുന്നുണ്ട് എന്ന കാര്യം മനസ്സിലാകുന്നതാണ്. പ്രത്യേക വാഹനത്തിൽ മുടി മാലിന്യം ശേഖരിക്കുന്നതിന്റെ ഫ്ലാഗ് ഓഫ് കോഴിക്കോട് ശുചിത്വമിഷൻ അസിസ്റ്റൻറ് കോഡിനേറ്റർ നാസാർ ബാബു നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽഹമീദ്, ഗ്രീൻ വേർമ്സ് മാനേജർ സി.കെ.എ.ഷമീർ ബാവ, ബാർബർ ഷോപ്പ് ഉടമകളുടെ പ്രതിനിധികളായ കെ കെ അഷ്റഫ്, മുബാസ് കല്ലേരി, ഹരിതകർമസേന ലീഡർ എ.ഷിനി എന്നിവർ പ്രസംഗിച്ചു. രണ്ടുമാസം കൂടുമ്പോൾ വാഹനം വന്നു കടകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതാണ്. യൂസർ ഫീ 300 രൂപ. ബാർബർ ഷോപ്പിന് ലൈസൻസ് അനുവദിക്കണമെങ്കിൽ പദ്ധതിയിൽ ചേരണം. പൊതു ജലാശയങ്ങൾ കടൽത്തീരം പുഴയോരം എന്നിവിടങ്ങളിൽ മുടി മാലിന്യം തള്ളുന്നത് തടയുകയും, മാരകമായ മുടിമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുവാനുമാണ് പദ്ധതി നടപ്പിലാക്കുന്നത്.