കോഴിക്കോട്: മുതിർന്ന നേതാക്കൾക്കൊപ്പം ഏറെ ചെറുപ്പക്കാരെ കൂടി അണിനിരത്തിയ യു.ഡി.എഫിന് ഈ തിരഞ്ഞെടുപ്പിൽ വൻമുന്നേറ്റം ഉറപ്പാണെന്ന് കോഴിക്കോട് നോർത്ത് സ്ഥാനാർത്ഥി കെ.എം.അഭിജിത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസ്‌മുക്ത ഭാരതമെന്നതാണ് ബി.ജെ.പിയുടെ മുദ്രാവാക്യം. മതത്തിന്റെ പേരു പറഞ്ഞ് തുഗ്ലക്ക് പരിഷ്കാരങ്ങൾ കൊണ്ടുവന്ന ബി.ജെ.പിയെ തുറന്നെതിർക്കുന്നതാണ് പ്രശ്നം. സ്ത്രീശാക്തികരണവും യുവാക്കൾക്ക് ജോലിയും വാഗ്ദാനം ചെയ്തായിരുന്നു എൽ.ഡി.എഫിന്റെ വരവ്. വാളയാർ സംഭവത്തിൽ പിണറായി സർക്കാർ കൈക്കൊണ്ട സമീപനം എല്ലാവരും കണ്ടതാണ്. റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ച് തൊഴിലിനായി കാത്തിരിക്കുന്ന പതിനായിരങ്ങളെ മറന്ന് യഥേഷ്ടം പിൻവാതിൽ നിയമനം നടത്തിയതും ഏറ്റവും വലിയ ദുരനുഭവമായി. മോദിയുടെയും പിണറായിയുടെയും ജനവിരുദ്ധനയങ്ങൾ വോട്ടർമാരെ ബോദ്ധ്യപ്പെടുത്താൻ ഒരു വിഷമവുമില്ല.
ബി.ജെ.പി ക്കാർ തിരഞ്ഞെടുക്കപ്പെട്ടാൽ നാട് നശിക്കുമെന്നതിൽ സംശയം വേണ്ട. ശക്തമായ ത്രികോണ മത്സരസാദ്ധ്യതയുള്ള നേമത്ത് കേരളത്തിലെ ശക്തരായ നേതാക്കളിൽ ഒരാളായ കെ.മുരളീധരനെ നേതൃത്വം സ്ഥാനാർത്ഥിയാക്കിയതിന്റെ കാരണവും മറ്റൊന്നല്ല.
നോർത്ത് മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകിട്ട് നാലിന് ബീച്ചിലെ ലയൺസ് പാർക്കിന് മുൻവശത്തുള്ള ആസ്പിൻവാൾ ഗ്രൗണ്ടിൽ മുസ്ലീം ലീഗ് നേതാവ് മുനവറലി ശിഹാബ് ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി മുൻ പ്രസിഡന്റ് കെ.സി അബു പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ചെയർമാൻ പി.എം കോയ, ജനറൽ കൺവീനർ കെ.വി സുബ്രഹ്മണ്യൻ, രാജീവ്, സഹീജ് പാറോപ്പടി, ലെറിൽ ബാബു, കണ്ടിയിൽ ഗംഗാധരൻ തുടങ്ങിയവർ പങ്കെടുത്തു.
സീറ്റാണ് സ്ത്രീധനം :
കെ.സി അബു
ഇടതുപക്ഷം ഇപ്പോൾ സ്ത്രീധനമായി നൽകുന്നത് സീറ്റാണെന്ന് ഡി.സി.സി മുൻ പ്രസിഡന്റ് കെ.സി അബു പറഞ്ഞു.
ബേപ്പൂരിൽ മുഖ്യമന്ത്രി പിണറായിയുടെ മരുമകൻ അഡ്വ.മുഹമ്മദ് റിയാസിനു ഇത്തവണ സീറ്റ് നൽകിയത് എടുത്തുചാട്ടമാണെന്നു പറയാതെ വയ്യ. ക്ഷമ ആകാമായിരുന്നു. നോർത്തിൽ 27 കാരനായ കെ.എം അഭജിത്തിനോട് മത്സരിക്കുന്നത് 72 കാരൻ തോട്ടത്തിൽ രവീന്ദ്രനാണ്. ബി.ജെ.പി നേതാക്കൾ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു കണ്ട് ചർച്ച നടത്തിയിട്ട് ഏറെ നാളായിട്ടില്ല.