news
കൊവിഡ് കുത്തിവെയ്‌പ്പ്

 രണ്ടാം ഡോസും പൂർത്തിയാക്കിയത് 24,763 പേർ

കോഴിക്കോട്: കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പ് തുടരുമ്പോൾ ജില്ലയിൽ ഇതുവരെ 1,24,105 പേർ ഒന്നാം ഡോസ് സ്വീകരിച്ചു. 24,763 പേർ രണ്ടാം ഡോസ് പൂർത്തിയാക്കി. ഒന്നാം ഡോസ് സ്വീകരിച്ചവരിൽ 36,442 പേർ ആരോഗ്യപ്രവർത്തകരാണ്. അതിൽ 23,785 പേരും രണ്ടാം ഡോസും എടുത്തുകഴിഞ്ഞു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ഉൾപ്പടെ, കൊവിഡ് മുൻനിര പ്രവർത്തകരിൽ 34,896 പേർ ആദ്യഡോസും 973 പേർ രണ്ടാം ഡോസും പൂർത്തിയാക്കി. 60 വയസ്സിന് മുകളിൽ പ്രായമുള്ള 50,122 പേരും 45 നും 59 വയസ്സിനുമിടയിൽ പ്രായമുള്ള, മറ്റു രോഗങ്ങളു ള്ള 2,645 പേരും ആദ്യ ഡോസെടുത്തു. കൊവിഡ് മുൻനിര പ്രവർത്തകരിൽ ആദ്യഡോസ് 10,448 പേരും രണ്ടാം ഡോസ് 868 പേരും സ്വീകരിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട 24,448 ഉദ്യോഗസ്ഥർ ആദ്യ ഡോസ് എടുത്തു.

ഇതുവരെ രജിസ്റ്റർ ചെയ്യാത്ത 60 വയസിനു മുകളിൽ പ്രായമുള്ളവർക്കും മറ്റ് രോഗ ബാധിതരായ 45 നും 59 നുമിടയിൽ പ്രായമുള്ളവർക്കും വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്‌തോ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുമായെത്തി തത്സമയം രജിസ്റ്റർ ചെയ്‌തോ കുത്തിവയ്പ്പ് സ്വീകരിക്കാം. തദ്ദേശ സ്ഥാപനങ്ങളിലെ ഹെല്പ് ഡെസ്‌ക് വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴി രജിസ്റ്റർ ചെയ്യാം. അതിനു കഴിയാത്തവർക്ക് ആരോഗ്യ പ്രവർത്തകരുമായി ബന്ധപെട്ടു രജിസ്റ്റർ ചെയ്ത് കുത്തിവെയ്പ്പ് എടുക്കാം. 45 നും 59 നുമിടയിൽ പ്രായമുള്ള, മറ്റ് രോഗങ്ങളുള്ളവർ ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതമാണ് കുത്തിവെയ്പ്പ് കേന്ദ്രത്തിൽ എത്തേണ്ടത്.

 വാക്സിനേഷൻ സർക്കാർ ആശുപത്രികളിലും

മുപ്പതോളം സ്വകാര്യ ആശുപത്രികളിലും

ജനുവരി 16 നാണ് വാക്സിനേഷൻ തുടങ്ങിയത്. ജില്ലയിൽ സർക്കാർ ആശുപത്രികളിലും മുപ്പതോളം സ്വകാര്യ ആശുപത്രികളിലും കൊവിഡ് കുത്തിവെയ്പ്പ് സൗകര്യമുണ്ട്. സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസ് വാക്‌സിന് സർക്കാർ നിശ്ചയിച്ച 250 രൂപ നൽകണം.