കോഴിക്കോട്: ജില്ലയിലെ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞതോടെ മണ്ഡലങ്ങളിൽ മുന്നണികളുടെ പ്രചാരണവും സജീവമായി. സ്ഥാനാർത്ഥികളുടെയും പ്രവർത്തകരുടെയും വോട്ട് തേടൽ പര്യടനത്തിനും ചൂടേറി. നാടും നഗരവും ഇളക്കിമറച്ചാണ് പ്രചാരണം മുന്നേറുന്നത്. സ്ഥാനാർത്ഥികളുടെ റോഡ് ഷോകൾക്ക് വലിയ വരവേൽപ്പാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ലഭിക്കുന്നത്. ബേപ്പൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി.എം നിയാസിന്റെ തിരഞ്ഞെടുപ്പിന് ഇന്നലെ തുടക്കമായി. മാത്തോട്ടം, അരക്കിണർ, ബേപ്പൂർ, ചാലിയം, കടലുണ്ടി എന്നിവിടങ്ങളിലായിരുന്നു ഇന്നലത്തെ പര്യടനം. പ്രചാരണത്തിനിടെ മത്സ്യമാർക്കറ്റുകളിലും കടകളിലും വോട്ടഭ്യർത്ഥിക്കുകയും നടൻ മാമുക്കോയ, മജീഷ്യൻ പ്രദീപ് ഹുഡിനോ തുടങ്ങിയ പ്രമുഖരുടെ വീടുകൾ സന്ദർശിച്ച് പിന്തുണയും തേടി. ബേപ്പൂർ കയർ ഫാക്ടറി സന്ദർശിച്ചു. അരക്കിണർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജീവ് തിരുവച്ചിറ, നടുവട്ടം മണ്ഡലം പ്രസിഡന്റ് എ.എം അനിൽ കുമാർ, മൈനോറിറ്റി കോൺഗ്രസ് ബ്ലോക്ക് ചെയർമാൻ അഷ്റഫ് മാത്തോട്ടം, ഡി.സി.സി സെക്രട്ടറി കെ. ഗംഗേഷ് ബേപ്പൂർ, ബ്ലോക്ക് പ്രസിഡന്റ് ടി.കെ അബ്ദുൾ ഗഫൂർ, ബേപ്പൂർ മേഖലാ യു.ഡി.എഫ് ചെയർമാൻ എം.ഐ മുഹമ്മദ്, ഷഫീക്ക് അരക്കിണർ, കടലുണ്ടി മണ്ഡലം പ്രസിഡന്റ് ജോബിഷ് പിലാക്കാട്ട്, മണ്ണൂർ മണ്ഡലം പ്രസിഡന്റ് ഹെബീഷ് മാമ്പെയിൽ, കടലുണ്ടി മേഖലാ യു.ഡി.എഫ് കൺവീനർ പി.വി ഷംസുദ്ധീൻ, എം മുഹമ്മദ് കോയ, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡന്റ് ടി. ഷഫ്നാസ് അലി എന്നിവർ അനുഗമിച്ചു. രാവിലെ എട്ട് മണിക്ക് മാത്തോട്ടത്ത് ആരംഭിച്ച പര്യടനം മൂന്ന് മണിയോടെ കടലുണ്ടിയിൽ സമാപിച്ചു. പ്രചാരണത്തിന്റെ ഭാഗമായി അഡ്വ. പി.എം നിയാസിന്റെ റോഡ് ഷോയും നടന്നു. നൂറുകണക്കിന് വാഹനങ്ങൾ നിരന്ന റോഡ് ഷോയിൽ വൻ ജനാവലി അണിചേർന്നു. ബേപ്പൂർ അങ്ങാടിയിൽ നിന്നാരംഭിച്ച റോഡ് ഷോ മണ്ഡലത്തിലെ പ്രധാനകേന്ദ്രങ്ങളിൽ പ്രയാണം നടത്തിയ ശേഷം ഫറോക്ക് ചുങ്കത്ത് സമാപിച്ചു. കടലോരത്തും പുഴയോരത്തും ഒരുപോലെ ആവേശമായ റോഡ് ഷോയെ യു.ഡി.എഫ് നേതാക്കളും അനുഗമിച്ചു.
ബേപ്പൂർ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി.എ മുഹമ്മദ് റിയാസിനെ ബേപ്പൂർ ഫിഷിംഗ് ഹാർബറിലെ മത്സ്യത്തൊഴിലാളികൾ ആവേശത്തോടെയാണ് വരവേറ്റത്. ഇന്നലത്തെ പര്യടനം ബേപ്പൂർ ഫിഷിംഗ് ഹാർബറിൽ നിന്നാണ് തുടക്കമായത്. അതിരാവിലെ സ്ഥാനാർത്ഥിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു മത്സ്യത്തൊഴിലാളികൾ. ഹാരാർപ്പണം നടത്തി റിയാസിനെ തൊഴിലാളികൾ സ്വീകരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കുമെന്ന് പി.എ . മുഹമ്മദ് റിയാസ് പറഞ്ഞു. ബേപ്പൂർ മേഖലയിലെ കൗൺസിലർമാരായ കെ. രാജീവ്, എം. ഗിരിജ, ടി. രജനി എൽ.ഡി.എഫ് നേതാക്കളായ കെ.വി ശിവദാസൻ, കെ.പി ഹുസൈൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.പി ബീരാൻ കോയ, പേരോത്ത് പ്രകാശൻ, പി.വി ഹൈദരലി, മേകുന്നത് ശശി, പി. രഞ്ജിത്ത്, കെ .സി അനൂപ്, അഭിത്ത് എൽ. യു , വിവിധ മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കൾ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. ബേപ്പൂർ ടൗണിൽ നടന്ന പര്യടനത്തിൽ വി .കെ. സി മമ്മദുകോയ എം. എൽ. എ പങ്കെടുത്തു. ബേപ്പൂർ മണ്ഡലത്തിലെ എൽ.ഡി.എഫ് കുടുംബയോഗങ്ങളിലും പി.എ. മുഹമ്മദ് റിയാസ് പങ്കെടുത്തു.
ബി.ജെ.പി കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം സ്ഥാനാർത്ഥി എം ടി.രമേശ് കെട്ടിവയ്ക്കാനുള്ള തുക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഏറ്റുവാങ്ങി. മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലെ വീടുകളിൽ നിന്നും ഒരു രൂപ നാണയം വീതം പ്രവർത്തകർ സമാഹരിക്കുകയായിരുന്നു. സമാഹരിച്ച തുകക്കിഴികൾ 13 ഏരിയാ കേന്ദ്രങ്ങളിൽ വച്ചാണ് സ്ഥാനാർഥിക്ക് കൈമാറിയത്. സ്ഥാനാർത്ഥി പര്യടനത്തിന്റെ ഭാഗമായി രാവിലെ ഭാഗവതഹംസം വേങ്ങേരി ഗോപാലക്കുറുപ്പിന്റെ വസതി സന്ദർശിച്ച് അദ്ദേഹത്തിന്റെ അനുഗ്രഹവും വാങ്ങി. മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളെ സന്ദർശിച്ചതിനുശേഷം ഉച്ചയ്ക്കു സിവിൽസ്റ്റേഷൻ ഏരിയയിൽ നിന്ന് ആരംഭിച്ച നാണയക്കിഴി ഏറ്റുവാങ്ങൽ പര്യടനം ചെലവൂർ, മായനാട്, ചേവായൂർ, കോട്ടൂളി, തിരുത്തിയാട്, വെള്ളയിൽ, വെസ്റ്റ്ഹിൽ, പുതിയങ്ങാടി, എടക്കാട്, വേങ്ങേരി ഏരിയകളിലെ സ്വീകരണത്തിന് ശേഷം കാരപ്പറമ്പ് സമാപിച്ചു . ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം. മോഹനൻ ജില്ലാ സെക്രട്ടറിമാരായ എം.രാജീവ്കുമാർ ,ഇ.പ്രശാന്ത് കുമാർ , മണ്ഡലം പ്രസിഡന്റ് കെ ഷൈബു , മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് രമ്യ മുരളി എന്നിവർ പ്രസംഗിച്ചു.