rema

കോഴിക്കോട്: വടകര നിയമസഭാ സീറ്റിൽ മത്സരിക്കാനുള്ള ആർ.എം.പി.ഐ നേതാവ് കെ.കെ രമയുടെ രണ്ടാംവരവ് ജയിക്കാനുറച്ച്. 2016ൽ വടകരയിൽ കന്നിയങ്കം കുറിക്കുമ്പോൾ ലക്ഷ്യം സി.പി.എം നേതൃത്വം നൽകുന്ന ഇടത് മുന്നണിയെ തറപറ്റിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഇടത് കോട്ടയിൽ ഇരുപതിനായിരത്തോളം വോട്ടുകൾ നേടി ഇടതുമുന്നണിയെ അമ്പരപ്പിച്ചു.രണ്ടാമൂഴത്തിൽ യു.ഡി.എഫ് പിന്തുണയോടെയാണ് കെ.കെ രമ അങ്കത്തട്ടിലിറങ്ങിയത്.

തുടക്കത്തിൽ മത്സരിക്കാനില്ലെന്ന ഉറച്ച നിലപാടിലായിരുന്നു അവർ. ആർ.എം.പി. ഐ സെക്രട്ടറി എൻ.വേണുവിനെ മത്സര രംഗത്ത് ഇറക്കാനായിരുന്നു തീരുമാനം. എന്നാൽ കെ.കെ രമ അല്ലെങ്കിൽ കോൺഗ്രസ് സ്വന്തം സ്ഥാനാർത്ഥിയെ നി‌ർത്തുമെന്ന പ്രഖ്യാപനം വന്നതോടെ പാർട്ടി രമയിൽ സമ്മർദ്ദം ചെലുത്തി സമ്മതിപ്പിക്കുകയായിരുന്നു.

പോരാട്ടം കടുക്കും

രമയുടെ സ്ഥാനാർത്ഥിത്വത്തോടെ വടകരയുടെ ചിത്രം മാറുകയാണ്. കൊല്ലപ്പെട്ട ടി. പി ചന്ദ്രശേഖരന്റെ ദേഹത്തേറ്റ 51 വെട്ടുകളും രമയുടെ പോരാട്ട വീര്യവും വീണ്ടും ചർച്ചയാകും. യു.ഡി.എഫിന്റെ പിന്തുണ കൂടി കിട്ടിയതോടെ മണ്ഡലത്തിലെ പോരാട്ടം കടുക്കും.എന്നാൽ സോഷ്യലിസ്റ്റുകൾക്കെന്നും പ്രിയപ്പെട്ട മണ്ണെന്ന സവിശേഷത വടകരയ്ക്കുണ്ട്. സംസ്ഥാന രൂപീകരണശേഷം 1957ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ജയിച്ച അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലെ കേളു മണ്ടോത്ത് കുനിയിൽ മാത്രമാണ് സോഷ്യലിസ്റ്റ് ഇതര സ്ഥാനാർത്ഥി.ഏറ്റവും കൂടുതൽ തവണ മണ്ഡലത്തെ പ്രതിനിധീക‌രിച്ചത് സോഷ്യലിസ്റ്റ് നേതാവ് കെ.ചന്ദ്രശേഖരനായിരുന്നു. 1977 മുതൽ 1991 വരെ അഞ്ച് തവണ. നിലവിലെ എം.എൽ.എ സി.കെ നാണു നാല് തവണയും മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തി

എതിരാളി സോഷ്യലിസ്റ്റ്

രമയുടെ എതിരാളി ഇത്തവണയും സോഷ്യലിസ്റ്റ് തന്നെയാണ്. പ്രമുഖ സഹകാരിയും എൽ.ജെ.ഡി ജില്ലാ പ്രസിഡന്റുമായ മനയത്ത് ചന്ദ്രനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. 2016ൽ യു.ഡി. എഫ് സ്ഥാനാർത്ഥിയായാണ് മനയത്ത് ചന്ദ്രൻ വടകരയിൽ മത്സരിച്ചത്. അഡ്വ. എം രാജേഷ് കുമാറാണ് ഇത്തവണയും ബി.ജെ.പി സ്ഥാനാർത്ഥി.13,937 വോട്ടുകൾ മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്.

ടി.പി ചന്ദ്രശേഖരന്റെ ശബ്ദം നിയമസഭയിൽ ഉയരും. വിജയ പ്രതീക്ഷകളോടെയാണ് മത്സരിക്കുന്നത്. രാഷ്ട്രീയത്തിന്റെ പേരിൽ നടക്കുന്ന മനുഷ്യക്കുരുതികൾക്കെതിരായ പോരാട്ടമാണ്.

-കെ.കെ രമ