noorbina-adv

കോഴിക്കോട്: വനിതാ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി മുന്നണിനേതൃത്വങ്ങൾ പഴി കേൾക്കുന്നതിനിടെയാണ് ചരിത്രം തിരുത്തിക്കൊണ്ട് മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ കോഴിക്കോട് സൗത്തിൽ അഡ്വ. നൂർബിന റഷീദിന്റെ മാസ് എൻട്രി. സ്ഥാനാർത്ഥി പട്ടികയിൽ പെൺതരി ഇല്ലാതെപോയ ലീഗിന്റെ കാൽ നൂറ്റാണ്ടിന്റെ ചരിത്രമാണ് നൂർബിന തിരുത്തിയത്. കണക്കുകൂട്ടലുകൾ പലതും ഈ വരവോടെ മാറിമറിയുകയാണ്. മുനീറിനെ മുന്നിൽക്കണ്ട് തന്ത്രം മെനഞ്ഞ എൽ.ഡി.എഫ് ക്യാമ്പ് പോലും നൂർബിനയുടെ വരവോടെ അമ്പരന്നു. തൊട്ടുപിന്നാലെ വനിതയെ കളത്തിലിറക്കി പോരിന് വീര്യം കൂട്ടുകയായിരുന്നു ബി.ജെ.പിയും. സിറ്രിംഗ് എം.എൽ.എ ഡോ.എം.കെ. മുനീർ കളമൊന്നു മാറാൻ തീരുമാനിച്ചതോടെയാണ് ലീഗ് സീറ്റുറപ്പിക്കാൻ നൂർബിന റഷീദിനെയിറക്കിയത്.

വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായ നൂർബിന നേരത്തെ കോർപ്പറേഷൻ കൗൺസിലറായി 1995 ലും 2005 ലും തിരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്.1996 ൽ ഇവിടെ (കോഴിക്കോട് രണ്ട്) ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി മത്സരിച്ച വനിതാ സ്ഥാനാർത്ഥി ഖമറുന്നിസ അൻവർ എളമരം കരീമിനോട് 8,766 വോട്ടിനാണ് പരാജയപ്പെട്ടത്.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും എം.കെ. മുനീറിനായിരുന്നു വിജയം.ലോക്‌സഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നു.

തദ്ദേശത്തിൽ മിന്നി എൽ.ഡി.എഫ്

ഐ.എൻ.എൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർകോവിലാണ് ഇടതുപക്ഷ സ്ഥാനാർത്ഥി.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇവിടെ എൽ.ഡി.എഫ് മുന്നേറിയിരുന്നു. ലീഗിന്റെ കുത്തക സീറ്റുകൾ ഉൾപ്പെടെ എൽ.ഡി.എഫ് പിടിച്ചെടുത്തു. സൗത്ത് ഉൾപ്പെടുന്ന കോർപ്പറേഷനിലെ 24 വാർഡുകളിൽ 13 എണ്ണം എൽ.ഡി.എഫിന് ലഭിച്ചപ്പോൾ യു.ഡി.എഫിന് കിട്ടിയത് 9 സീറ്റാണ്. ബി.ജെ.പി വിജയിച്ചത് രണ്ടു വാർഡിലും.

ബി.ജെ.പിക്കും വനിത

ബി.ജെ.പി കൂടി വനിതയെ ഇറക്കിയതോടെ സ്ത്രീപ്രശ്നങ്ങൾ ഏറെ ചർച്ചചെയ്യപ്പെടുന്ന മണ്ഡലമായി സൗത്ത്. കോഴിക്കോട് കോർപ്പറേഷനിലെ കൗൺസിലറായ നവ്യ ഹരിദാസാണ് ബി.ജെ.പി സ്ഥാനാർത്ഥി. തുടർച്ചയായി രണ്ടുവട്ടം കൗൺസിലറായി തിര‌ഞ്ഞെടുക്കപ്പെട്ട യുവസ്ഥാനാർത്ഥി നവ്യ ഹരിദാസ് ഇരുമുന്നണികൾക്കും വെല്ലുവിളിയാണ്.

വലിയ അവസരമാണ് ലഭിച്ചത്. വിജയിച്ചാൽ സ്ത്രീകളുടെ ആവശ്യങ്ങൾ നിയമസഭയിൽ ശക്തമായി ഉന്നയിക്കും"

-അഡ്വ. നൂർബിന റഷീദ്

.