fire

കോഴിക്കോട്: വേനൽ കടുത്തതോടെ കരുതൽ മുന്നറിയിപ്പുമായി അഗ്നിശമന സേന.

മാർച്ചിന്റെ തുടക്കത്തിൽ തന്നെ കനത്ത ചൂട് അനുഭവപ്പെട്ടതോടെ തീപിടിത്തത്തിനുള്ള സാദ്ധ്യതയും ഏറിയിരിക്കുകയാണ്. നഗരത്തിൽ മാത്രം ഇതിനിടയ്ക്ക് ഇരുപതോളം അഗ്നിബാധ സംഭവങ്ങളുണ്ടായി. ജനങ്ങൾക്കിടയിൽ ജാഗ്രത ഉറപ്പാക്കാൻ ഫയർഫോഴ്‌സും സിവിൽ വോളണ്ടിയർമാരും രംഗത്തുണ്ട്.

അന്തരീക്ഷ താപനില ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കെ, കുന്നിൻപുറങ്ങളിലും ഒഴിഞ്ഞു കിടക്കുന്ന പറമ്പുകളിലുമെല്ലാം തീപ്പിടിത്ത സാദ്ധ്യത കൂടുതലാണ്. നഗരങ്ങളിൽ അടുത്തടുത്തായുള്ള കടകളിലെന്ന പോലെ കെട്ടിടങ്ങളിലും അഗ്നിബാധയുണ്ടായാൽ പെട്ടെന്നു പടരാനുള്ള സാദ്ധ്യത കുറച്ചൊന്നുമല്ല.

മാലിന്യങ്ങൾ കത്തിക്കുമ്പോൾ പരിസരത്തേക്ക് തീപടരുന്നത് ഒഴിവാക്കാൻ പൊതുവെ ആരും മുൻകരുതലെടുക്കാറില്ല. പലപ്പോഴും ഇതു അപകടം ക്ഷണിച്ചു വരുത്തുകയാണ്.

തീപിടിത്തമുണ്ടായാൽ ഉടൻ സമീപത്തെ പുല്ലുകളും ചവറുകളും നീക്കം ചെയ്ത് ഫയർ ബ്രേക്ക് ഉണ്ടാക്കണം. ഇത്തരം കാര്യങ്ങളിൽ പൊതുജനങ്ങൾക്ക് അറിവ് കുറവായതിനാൽ സിവിൽ വോളണ്ടിയർമാരുടെ നേതൃത്വത്തിൽ അതതു പ്രദേശങ്ങളിൽ ബോധവത്കരണ ക്ലാസും മോക്ക് ഡ്രില്ലും സംഘടിപ്പിക്കുന്നുണ്ട്. മാലിന്യം പതിവായി കൂട്ടിയിട്ട് കത്തിക്കുന്ന ഇടങ്ങളിൽ അഗ്‌നിസുരക്ഷാ ഉദ്യോഗസ്ഥർ നേരിട്ടെത്തി മുന്നറിയിപ്പ് നൽകുന്നുമുണ്ട്. ഹോട്ടലുകളിലെ പിന്നാമ്പുറങ്ങളിൽ തീപിടിത്തങ്ങൾ പതിവായതോടെ ഇവിടങ്ങളിലെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

ഇതിനായി ജില്ലയിലെ ഓരോ ഫയർ ഫോഴ്‌സ് യൂണിറ്റിലും സേഫ്‌റ്റി ബീറ്റ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

അന്തരീക്ഷ ഊഷ്മാവ് വല്ലാതെ കൂടുന്നതും ഇടയ്ക്കിടെയുള്ള കാറ്റും തീ പടരാനുള്ള സാഹചര്യമുണ്ടാക്കുകയാണ്. അലക്ഷ്യമായി മാലിന്യങ്ങൾ കത്തിക്കുന്നതും സിഗരറ്റ് കുറ്റികളും തീപ്പെട്ടി കൊള്ളികളുംവലിച്ചെറിയുന്നതും മറ്റും ഒഴിഞ്ഞ പറമ്പുകളിലാണെങ്കിൽ അടിക്കാട് പെട്ടെന്ന് കത്താനിടയാക്കും. നഗരത്തിൽ റെയിൽവെ സ്‌റ്റേഷന് സമീപത്തെ അടിക്കാടുകളിൽ മാലിന്യം കത്തിക്കുന്നതും അവിടെ തീപടർന്ന് പിടിക്കുന്നതും നിത്യസംഭവമായിരിക്കുകയാണ്.


'ദിനംപ്രതി ചൂട് കൂടിക്കൊണ്ടിരിക്കുന്നതിനാൽ തീപിടിത്തത്തിനുള്ള സാദ്ധ്യത ഏറെയാണ്. സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പതിവായി തീപിടിത്തമുണ്ടാകുന്ന സ്ഥലങ്ങളിലെ ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തിവരികയാണ്.

പി.സതീഷ്,

സ്റ്റേഷൻ ഓഫീസർ,

ബീച്ച് ഫയർ സ്റ്റേഷൻ