കോഴിക്കോട് : തിരഞ്ഞെടുപ്പിൽ സി.പി.എം - ബി.ജെ.പി ധാരണയുണ്ടെന്ന ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറിന്റെ ആക്ഷേപം മലബാറിൽ സി.പി.എമ്മിനും ബി.ജെ.പിയ്ക്കും ഒരുപോലെ തിരിച്ചടിയാവും. വെൽഫെയർ പാർട്ടിയുമായുള്ള ബന്ധത്തെ ചൊല്ലി പ്രതിഷേധമുയർത്തിയ മുസ്ലിം സംഘടനകളെ അടുപ്പിച്ചു നിറുത്താനുള്ള ശ്രമം തുടരുന്നതിനിടെ യു.ഡി.എഫിന് വീണു കിട്ടിയ ആയുധമായിരിക്കുകയാണിത്.
ദേശീയതലത്തിൽ അറിയപ്പെടുന്ന ബാലശങ്കറിന്റെ പരാമർശം, അടുത്ത കാലത്തായി സി.പി.എമ്മോട് അനുഭാവം പുലർത്തുന്ന നൂനപക്ഷ വിഭാഗങ്ങൾക്കിയയിൽ കടുത്ത ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വം ഈ ആരോപണം തള്ളിക്കളഞ്ഞെങ്കിലും സ്ഥാനാർത്ഥികളിൽ ആശങ്ക പടരുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മലബാറിൽ ലഭിച്ച ന്യൂനപക്ഷ വോട്ടുകളിൽ ചോർച്ച വീഴ്ത്തുമോ എന്ന തോന്നലാണ് പൊതുവെ. ഏതായാലും പ്രാദേശികതലത്തിൽ ഇക്കാര്യത്തിൽ വിശദീകരണം നൽകാനാണ് ഇടതുപാർട്ടികളുടെ തീരുമാനം.
ലോകസഭ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വിഭാഗങ്ങൾ യു.ഡി.എഫിനെ വലിയ തോതിൽ പിന്തുണച്ചെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥിതി മാറിയിരുന്നു. ഇടതുപക്ഷത്തിനാണ് ഈ വിഭാഗങ്ങക്കാരുടെ വോട്ട്
കൂടുതലും ലഭിച്ചത്.
ബി.ജെ.പിയ്ക്കും വലിയ തിരിച്ചടിയാവുകയാണ് പുതിയ വിവാദം. സി.പി.എമ്മുമായി നേരിട്ട് ഏറ്റുമുട്ടുന്ന മലബാറിലെ ജില്ലകളിൽ ബാലശങ്കറിന്റെ ആരോപണം വൻ തിരിച്ചടിയുണ്ടാക്കും. വിവാദങ്ങളിൽ നിന്ന് പരമാവധി മാറി നിൽക്കാനാണ് പ്രാദേശിക നേതാക്കൾക്ക് ബി.ജെ.പി, ആർ.എസ്.എസ് നേതൃത്വം നൽകിയ നിർദ്ദേശം.
വിവാദം ചൂടുപിടിച്ചത് യു.ഡി.എഫ് ക്യാമ്പ് കാര്യമായി ഉപയോഗപ്പെടുത്തുന്നണ്ട്. ഇതാ സി.പി.എം - ബി.ജെ.പി കൂട്ടുകെട്ടെന്ന മട്ടിൽ എല്ലാ നിയോജകമണ്ഡലങ്ങളിലും യു.ഡി.എഫ് പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്. പുതിയ സാഹചര്യത്തിൽ മലബാറിൽ ന്യൂനപക്ഷ ഏകീകരണമുണ്ടാകുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. മുസ്ലിം ലീഗിനെതിരായ എ.വിജയരാഘവന്റെ പരാമർശം ഉൾപ്പെടെ ചൂണ്ടിക്കാണിച്ചാണ് യു.ഡി.എഫിന്റെ ആക്രമണം.
നേമത്ത് കെ. മുരളീധരൻ മത്സരിക്കുന്നതും യു.ഡി.എഫിന് ഈ മേഖലയിൽ നേട്ടമുണ്ടാക്കും. ബി.ജെ.പിയ്ക്കെതിരെ യു.ഡി.എഫ് എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് അവരുടെ ശ്രമം.
എല്ലാ തിരഞ്ഞെടുപ്പു കാലത്തും ഇടതുപക്ഷം ഉയർത്തുന്ന കോലീബി ആരോപണത്തിന്റെ മുനയൊടിക്കാൻ കിട്ടിയ സുവർണാവസരമായി ഇത് ഉപയോഗപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ് യു.ഡി.എഫ് നേതൃത്വം.