udf

 സ്ഥാനാർത്ഥിയെ നിർത്താനൊരുങ്ങി കോൺഗ്രസ്

 വിമത നീക്കത്തിന് നേതാക്കളുടെ പിന്തുണ

കോഴിക്കോട് : എലത്തൂരിൽ മാണി സി കാപ്പന്റെ എൻ.സി.കെ സ്ഥാനാർത്ഥി സുൾഫിക്കർ മയൂരിയ്ക്കെതിരെ കോൺഗ്രസിൽ പടയൊരുക്കം. വിമത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുമെന്ന് ഒരു വിഭാഗം. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ പ്രതിഷേധം ആളുന്നത്. കോഴിക്കോട് എം.പി എം.കെ. രാഘവന്റെയും ജില്ലാ കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെയും പിന്തുണ പ്രതിഷേധത്തിന് ശക്തികൂട്ടുന്നു.

കെ.പി.സി.സി നിർവാഹക സമിതിയംഗം യു.വി. ദിനേശ് മണിയെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. ഇതോടെ എൻ.സി.കെ സുൾഫിക്കർ മയൂരി ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചില്ല. സ്ഥാനാർത്ഥി തർക്കം നിലനിൽക്കുന്നതിനാൽ മണ്ഡലത്തിൽ യു.ഡി.എഫ് പ്രചാരണവും തുടങ്ങിയിട്ടില്ല. സ്ഥാനാർത്ഥിയെ മാറ്റിയില്ലെങ്കിൽ കൂട്ടരാജി ഉണ്ടാകുമെന്ന് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ഭീഷണിയും മുഴക്കിയിട്ടുണ്ട്.

കോൺഗ്രസിന് സീറ്റ് തിരികെ ലഭിച്ചില്ലെങ്കിൽ പൊതു സ്വതന്ത്രനെ മത്സരത്തിനിറക്കുമെന്ന് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. മണ്ഡലത്തിൽ ഒരാൾ പോലും ഇല്ലാത്ത കക്ഷിക്ക് വേണ്ടി പണക്കാരൻ വ്യവസായിയെ കെട്ടിയിറക്കുന്നതിനെ എതിർക്കാൻ തന്നെയാണ് തീരുമാനം. നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് എട്ടോളം കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരും ബ്ലോക്ക് പ്രസിഡന്റുമാരും ഇതിനകം രാജിവച്ചു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ഘടകകക്ഷികൾക്ക് വിട്ടുനൽകിയ മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കാൻ നേതാക്കൾ ഇടപെടണമെന്ന ആവശ്യവും പ്രതിഷേധക്കാർ ഉയർത്തുന്നു. അച്ചടക്ക നടപടികൾ എന്തുവന്നാലും അനുകൂല തീരുമാനമില്ലെങ്കിൽ മണ്ഡലത്തിൽ തന്നെയുള്ള സർവ സമ്മതനായ ഒരാളെ മത്സരിപ്പിക്കുമെന്ന് എലത്തൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പ്രത്യുഷ്, നേതാക്കളായ ബവീഷ് കുമാർ,സനൂജ് കരുവട്ടൂർ,റാഷിദ് നന്മണ്ട എന്നിവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം എലത്തൂരിലെ പ്രവർത്തകർ ഡി.സി.സി ഓഫീസിൽ പ്രതിഷേധിച്ചിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർക്കെതിരെ രൂക്ഷ വിമർശനമാണ് പ്രതിഷേധത്തിൽ ഉയർത്തിയത്. ജില്ലാ നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണ് പ്രതിഷേധം നടന്നതെന്നും സൂചനയുണ്ട്.

എലത്തൂർ നിയോജക മണ്ഡലം കോൺഗ്രസ് തിരിച്ചെടുക്കണമെന്ന് എം.കെ രാഘവൻ എം.പി എ.ഐ.സി.സി പ്രസിഡന്റ് സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. ഇടതുപക്ഷത്തെ എക്കാലവും തുണച്ചിരുന്ന എലത്തൂരിൽ 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നതായും അദ്ദേഹം പറയുന്നു. വേണ്ടത്ര കൂടിയാലോചനകളില്ലാതെ മണ്ഡലത്തിൽ പിന്തുണയില്ലാത്ത കക്ഷിക്ക് സീറ്റ് നൽകിയതാണ് കോൺഗ്രസ് പ്രവർത്തകരുടെ അമർഷത്തിന് കാരണമായതെന്നും എം.കെ.രാഘവൻ സോണിയ ഗാന്ധിക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കി.