കോഴിക്കോട്: കേരള നിയമസഭയിൽ ബി.ജെ.പി യ്ക്ക് ആദ്യമായി കയറാൻ സഹായിച്ചത് കോൺഗ്രസ്സാണെന്നത് ആരും മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തരം സഹായം ഇപ്പോഴും തുടരുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവരാതിരിക്കില്ല.
ഷർട്ട് ഊരി മാറ്റുന്ന ലാഘവത്തോടെയാണ് കോൺഗ്രസുകാർ ബി.ജെ.പിക്കാരാവുന്നത്. രാജ്യത്ത് ഒരിടത്തും ബി.ജെ.പി യെ തടയാൻ കോൺഗ്രസിനു കഴിയില്ലെന്നും പിണറായി പറഞ്ഞു. കൊടുവള്ളിയിൽ ഇടതുപക്ഷ സ്ഥാനാർത്ഥി കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ജയിച്ചാൽ കോൺഗ്രസായി നില നിൽക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത കാലമാണിത്. 35 സീറ്റ് ലഭിച്ചാൽ ഭരിക്കുമെന്നാണ് ബി.ജെ.പി പറയുന്നത്. കോൺഗ്രസിന് ലഭിക്കുമെന്ന് കരുതുന്ന 36 സീറ്റുകൾ കൂടി കണ്ടാണത്. സംഘ് പരിവാറിനെതിരെ ഉറച്ച നിലപാടുള്ളത് എൽ.ഡി.എഫിന് മാത്രമാണ്. ബി.ജെ.പി യെ വിജയിപ്പിക്കാൻ മുമ്പ് കോൺഗ്രസും ലീഗും ഒരേ പോലെ ചിന്തിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ഒ.പി.ഐ. കോയ അദ്ധ്യക്ഷത വഹിച്ചു. എളമരം കരീം എംപി, സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി.ബാലൻ, എൽ.ഡി.എഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, ആർപി.ഭാസ്‌കരൻ, കെ.ബാബു, സ്ഥാനാർത്ഥി കാരാട്ട് റസാഖ്, ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി സി.പി.നാസർകോയ തങ്ങൾ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടി.എം.ജോസഫ്, യുവജനതദൾ അഖിലേന്ത്യ പ്രസിഡന്റ് സലീം മടവൂർ, വായോളി മുഹമ്മദ്, യൂസുഫ് പടനിലം, സാലിഹ് കൂടത്തായി എന്നിവർ പ്രസംഗിച്ചു.