
കോഴിക്കോട്: തിരഞ്ഞെടുപ്പിൽ സി.പി.എം - ബി.ജെ.പി ഡീലുണ്ടെന്ന ആർ.എസ്.എസ് സൈദ്ധാന്തികൻ ഡോ. ആർ. ബാലശങ്കറിൻറെ ആരോപണവും കോലീബി സഖ്യം നേരത്തെ ഉണ്ടായിരുന്നുവെന്ന ബി.ജെ.പി നേതാവ് ഒ.രാജഗോപാൽ എം.എൽ.എയുടെ തുറന്നുപറച്ചിലും ഇരുമുന്നണികളും പരസ്പരം ഉപയോഗപ്പെടുത്തുമ്പോൾ കോലീബിയുടെ പരീക്ഷണശാലയായിരുന്ന ബേപ്പൂർ മണ്ഡലം വീണ്ടും രാഷ്ട്രീയചർച്ചകളിൽ നിറയുകയാണ്. ഈ മണ്ഡലത്തിൽ ഇതേച്ചൊല്ലി പ്രചാരണം കൊഴുക്കുന്നുമുണ്ട്.
സി.പി.എമ്മിലെ ടി.കെ. ഹംസയ്ക്കെതിരെ 1991ൽ ഡോ.കെ. മാധവൻകുട്ടി സ്വതന്ത്ര സ്ഥാനാർത്ഥിയായി എത്തിയതാണ് രാഷ്ട്രീയകേരളം എല്ലാ തിരഞ്ഞെടുപ്പ് കാലത്തും ചർച്ച ചെയ്യുന്ന കോലീബി സഖ്യം. കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും ബി.ജെ.പിയുടെയും പിന്തുണ മാധവൻകുട്ടിയ്ക്കായിരുന്നെങ്കിലും ഈ സഖ്യത്തെ തകർത്ത് ടി.കെ. ഹംസ വിജയിക്കുകയായിരുന്നു
മണ്ഡലത്തിലുടനീളം കോലീബി സഖ്യം വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ് സി.പി.എം നേതൃത്വ്തതിൽ എൽ.ഡി..എഫ്. എന്നാൽ 1977 ൽ ബി.ജെ.പിയുടെ ആദ്യരൂപമായ ജനസംഘം ഉൾപ്പെടുന്ന ജനതാ പാർട്ടിയിമായി ചേർന്ന് കോൺഗ്രസിനെതിരെ മത്സരിച്ച ചരിത്രം യു.ഡി.എഫും പ്രചാരണ ആയുധമാക്കുകയാണ്. ജനതാ പാർട്ടിയുടെ പിന്തുണ ഉണ്ടായിരുന്ന സി.പി.എമ്മിന്റെ ശക്തനായ സ്ഥാനാർത്ഥിയും 1965 ലും1967 ലും 70 ലും എം.എൽ.എയുമായിരുന്ന കെ. ചാത്തുണ്ണി മാസ്റ്ററെ ബേപ്പൂരുകാർ 1977ൽ പരാജയപ്പെടുത്തി. കോൺഗ്രസിന്റെ എൻ.പി. മൊയ്തീനായിരുന്നു വിജയം. മണ്ഡലത്തിൽ ഇടതുപക്ഷം നേരിട്ട ഏകപരാജയം ഇതായിരുന്നു.
ഇത്തവണ മുന്നണികൾ മൂന്നും പൊരിഞ്ഞ പോരാട്ടത്തിലാണ് ബേപ്പൂരിൽ. സി.പി.എമ്മിന് വേണ്ടി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻറ് അഡ്വ. പി.എ മുഹമ്മദ് റിയാസും കോൺഗ്രസിനായി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എം. നിയാസും ബി.ജെ.പിയ്ക്കായി ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ്ബാബുവുമാണ് അങ്കത്തട്ടിൽ. വാദമുഖങ്ങളുയർത്തുന്നതിൽ പ്രാഗത്ഭ്യമുള്ള ഈ മൂന്നു അഭിഭാഷകരും ജയം മാത്രം മുന്നിൽ കണ്ടാണ് തെളിവുകൾ ഒന്നൊന്നായി നിരത്തുന്നത്. സി.പി.എമ്മിന്റെ ഈ കോട്ടയ്ക്ക് വിള്ളൽ വീഴ്ത്താൻ ആർക്കുമാവില്ലെന്ന അത്മവിശ്വാസത്തോടെയാണ് സി..പി..എം അശ്വമേദം. എന്നാൽ, ബേപ്പൂരിന്റെ ചരിത്രം വീണ്ടും തിരുത്തിയിരിക്കുമെന്ന ദൃഡപ്രതിജ്ഞയിലാണ് കോൺഗ്രസ്..പാർട്ടിയ്ക്ക് മുമ്പെന്നത്തേക്കാൾ മികച്ച അടിത്തറയുള്ള മണ്ഡലം ഇത്തവണ തുണയ്ക്കുമെന്ന പ്രത്യാശയിൽ ഏറെ സജീവമാണ് ബി.ജെ.പിയും.
കോഴിക്കോടിന്റെ വ്യവസായകേന്ദ്രമാണ് ബേപ്പൂരിന്റെ നല്ലൊരു പങ്കും. മണ്ഡലത്തിൽ ഏറെ വ്യക്തിബന്ധങ്ങളുള്ള വി.കെ.സി മമ്മദ് കോയ കഴിഞ്ഞ തവണ 14,363 വോട്ടിൻറെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2019 ലെ ലോകസഭ തിരഞ്ഞെടുപ്പിൽ പക്ഷേ, കാര്യങ്ങൾ മാറി മറഞ്ഞു. കോൺഗ്രസിലെ എം.കെ. രാഘവന് ഇവിടെ 10,423 വോട്ടിന്റെ ഭൂരിപക്ഷം നേടാനായി. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനാണ് പ്രകടമായ മേധാവിത്വം.
ഇവിടെ കഴിഞ്ഞ തവണ അഡ്വ. പ്രകാശ്ബാബു തന്നെയായിരുന്നു ബി.ജെ.പി സ്ഥാനാർത്ഥി. 27,958 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്.