കോഴിക്കോട് : ശബരിമല വിഷയത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടാണോ മുഖ്യമന്ത്രിക്കും കേരളത്തിലെ സി.പി.എമ്മിനുമെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് നോർത്ത് മണ്ഡലം സ്ഥാനാർത്ഥിയുമായ എം.ടി. രമേശ് ആവശ്യപ്പെട്ടു. ദേവസ്വം മന്ത്രിയുടെ ഖേദപ്രകടനത്തിലൂടെ വിശ്വാസി സമൂഹത്തെ പറ്റിയ്ക്കാനുള്ള കപടതയാണ് കാണിക്കുന്നത്. ശബരിമല പ്രക്ഷോഭ സമയത്ത് നടത്തിയ പ്രവൃത്തിയേക്കാൾ വഞ്ചനാപരമായ നിലപാടാണ് സർക്കാരും സി.പി.എമ്മും ഇന്ന് കാണിക്കുന്നത്. മുസ്ലീം ലീഗിനുവേണ്ടി സീതാറാം യെച്ചൂരി കേരളത്തിന് പുറത്ത് പ്രചാരണം നടത്താൻ പോകുകയാണ്. കേരളത്തിൽ മാത്രമാണോ ലീഗ് വർഗീയ പാർട്ടി എന്നത് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറയണം. കേരളത്തിന് പുറത്ത് ലീഗും മറ്റ് വർഗീയ കക്ഷികളുമായി ബന്ധം പുലർത്തിയിട്ട് ഇവിടെ വന്ന് ജമാ അത്ത് ഇസ്ലാമിനെ കുറ്റംപറയുന്നതിന്റെ യുക്തി മുഖ്യമന്ത്രി വ്യക്തമാക്കണം. തിരഞ്ഞടുപ്പ് കാലത്ത് വർഗീയ കക്ഷികളുമായുള്ള സി. പി. എമ്മിന്റെ ബന്ധം ആത്മഹത്യപരമാണ്. കോഴിക്കോട് ജില്ലയിൽ മുഖ്യമന്ത്രിയുടെ പ്രചാരണ പരിപാടിക്ക് മണ്ഡലം തിരഞ്ഞെടുത്തതിലൂടെ സ്വർണക്കള്ളക്കടത്തുകാരോടും ധനികരോടുമുള്ള സി.പിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും വിധേയത്വം തെളിഞ്ഞു. എൽ.ഡി.എഫ് -യു.ഡി.എഫ് ഒത്തുകളിയുടെ ഭാഗമായിട്ടാണ് ധർമ്മടത്ത് ഒരു മുതിർന്ന കോൺഗ്രസ് നേതാവിനെ സ്ഥാനാർത്ഥിയാക്കാത്തത്. കേരളത്തിന് പുറത്ത് മുഖ്യമന്ത്രിയെ യു.പി.എയുടെ സ്റ്റാർ ക്യാമ്പയിനർ ആക്കിയത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി എം. മോഹനൻ , മണ്ഡലം പ്രസിഡന്റ് കെ. ഷൈബു എന്നിവർ പങ്കെടുത്തു.