cycle
രവീന്ദ്രൻ മാസ്റ്റർ വിദ്യാർത്ഥിനിക്ക് സൈക്കിൾ സമ്മാനിച്ചപ്പോൾ

കുറ്റ്യാടി: യാത്രയയപ്പ് ദിനത്തിൽ വിദ്യാർത്ഥിനിക്ക് സൈക്കിൾ സമ്മാനമായി നൽകി അദ്ധ്യാപകന്റെ വേറിട്ട മാതൃക. ഊരത്ത് എൽ.പി സ്‌ക്കൂൾ പ്രധാനാദ്ധ്യാപകനായ പി .സി. രവീന്ദ്രനാണ് സ്‌കൂളിലെ എൽ.എസ്.എസ് ജേതാവ് സദയമാനസിക്ക് സൈക്കിൾ സ്‌നേഹോപഹാരമായി നൽകിയത്. ഊരത്ത് എൽ.പി സ്‌ക്കൂളിൽ നിന്ന് 33 വർഷത്തെ സേവനം പൂർത്തിയാക്കിയാണ് രവീന്ദ്രൻ മാസ്റ്റർ വിരമിച്ചത് . 2011ൽ പ്രധാനാദ്ധ്യാപകനായി ചുമതലയേറ്റ ശേഷം പ്രദേശത്തെ മികച്ച വിദ്യാലയമാക്കി ഊരത്ത് എൽ.പി സ്കൂളിനെ മാറ്റി. മേഖലയിൽ ആദ്യത്തെ ശിങ്കാരി മേള ട്രൂപ്പ് ആരംഭിച്ചു. ഊരത്തെ പൗരാവലിയുടെ നേതൃത്വത്തിൽ നടത്തിയ യാത്രയയപ്പ് സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. പി. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ. ടി നഫീസ ഉപഹാരം നൽകി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജയരാജൻ നാമത്ത് , ബി. പി. ഒ സുനിൽകുമാർ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ. സബിന, മെമ്പർ എ.ടി. ഗീത, മാനേജർ സി.കെ.നാരായണി, ടി.ഗിരീഷ്, പി.ജമാൽ , പി.കെ.ബാബു , പി .ടി . വിജയൻ , എൻ. പത്മനാഭൻ നായർ , ഒ .പി ബാബു, ശ്രീജേഷ് ഊരത്ത്, ഒ ,പി മഹേഷ്, സത്യൻ കൂത്താളി, പി .സി. ഉബൈദ്, വി.കെ. ഫൈസൽ, വി.പി.സുധീർ , കുഞ്ഞിക്കേളു നമ്പ്യാർ എന്നിവർ സംസാരിച്ചു.