1

കോഴിക്കോട്: ജില്ലയിലെ ഇടനിലക്കാർക്ക് വില്പനക്കായി കൊണ്ടുവന്ന മയക്കുമരുന്ന് ഇനത്തിൽപ്പെട്ട കഞ്ചാവുമായി കണ്ണൂർ സ്വദേശികളായ രണ്ടു യുവാക്കളെ സി.എച്ച് ഫ്ലൈ ഓവറിനടുത്തെ ലോഡ്ജിൽ ടൗൺ പൊലീസും ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ് ) ചേർന്ന് പിടികൂടി. തലശ്ശേരി പട്ടന്നൂർ അശ്വന്ത് (21), മുഹമ്മദ് നബീൽ (20 ) എന്നിവരെയാണ് 10.700 കിലോഗ്രാമോളം കഞ്ചാവുമായി പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ടൗൺ പൊലീസും ഡൻസാഫും നടത്തിയ ആസൂത്രിത നീക്കത്തിലാണ് പ്രതികളെ കഞ്ചാവ് സഹിതം പിടികൂടിയത്. കോഴിക്കോട് ജില്ലയിലെ കോളേജിൽ നിന്നും ബി.ടെക്കും,സിവിൽ എൻജിനീയറിംഗും കഴിഞ്ഞ് പോയവരാണ് പിടിയിലായവർ.പഠന കാലത്തുള്ള ബന്ധം ഉപയോഗിച്ചാണ് ഇവർ കോഴിക്കോട് ജില്ലയിലെ ചില്ലറ കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ച് നൽകുന്നത്. ചില്ലറ മാർക്കറ്റിൽ ലക്ഷങ്ങൾ വിലമതിക്കന്ന കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ ആഴ്ച്ച കോഴിക്കോട് സിറ്റിയിൽ പത്ത് കിലോഗ്രാമിലധികം കഞ്ചാവ് ഡൻസാഫ് പിടിച്ചെടുത്തിരുന്നു.

പിടികൂടിയ കഞ്ചാവിന്റെ ഉറവിടത്തെ കുറിച്ചും കണ്ണികളെ കുറിച്ചും കൂടുതൽ അന്വേഷണം ടൗൺ ഇൻസ്പെക്ടർ ശ്രീഹരിയുടെ നേതൃത്വത്തിൽ നടുത്തുമെന്ന് സൗത്ത് അസിസ്റ്റന്റ് കമ്മീഷണർ എ. വി ജോൺ പറഞ്ഞു. ഡൻസാഫ് സ്ക്വാഡ് അംഗങ്ങളായ എ. എസ് ഐ എം.മുഹമ്മദ് ഷാഫി, എം.സജി, എസ്. സി. പി. ഒ മാരായ കെ.അഖിലേഷ്, കെ. എ ജോമോൻ, സി. പി. ഒ എം.ജിനേഷ്, ടൗൺ പൊലീസ് സബ്ബ് ഇൻസ്പെക്ടർ ബിജു ആന്റണി, എസ്.ഐമാരായ വാസുദേവൻ, എ. പ്രസാദ്, എ. എസ്. ഐ ഷബീർ എസ്, സി. പി. ഒ മാരായ രമേശൻ, അനിൽകുമാർ, ബിനിൽ, ജിതേന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.