നാദാപുരം: പട്ടാപ്പകൽ പശുവിനെ മോഷ്ടിച്ച് കടത്തിയ വിരുതൻ സി. സി ടി.വിയിൽ കുടുങ്ങി. നാദാപുരം തൂണേരിയിലാണ് സംഭവം. തുണേരി സ്വദേശിനി പുനത്തിൽ താഴെ കുനി പാത്തൂട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് പശു. തലശ്ശേരി നാദാപുരം സംസ്ഥാനപാതയിൽ തൂണേരി ബ്ലോക്ക് ഓഫീസ് പരിസരത്താണ് പട്ടാപ്പകൽ മോഷണം നടന്നത്. പറമ്പിൽ മേയാനായി കെട്ടിയ പശുവിനെ വൈകുന്നേരം അഴിച്ച് കൊണ്ട് പോകാനെത്തിയപ്പോഴാണ് പശുവിനെ കാണാതായ വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് നാദാപുരം പൊലീസ് സ്‌റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് തൂണേരി ബ്ലോക്ക് ഓഫീസ് പരിസരത്തെ കോഴിക്കടയിലെ സി. സി ടി. വി ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യങ്ങളിൽ നിന്ന് സംസ്ഥാനപാതയിലൂടെ ചുവന്ന ഷർട്ട് ധരിച്ച ഒരാൾ പശുവിനെയും കൊണ്ട് നടന്ന് പോകുന്ന വ്യക്തമായ ചിത്രം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.