
കോഴിക്കോട്: എറണാകുളത്തു നിന്ന് കോഴിക്കോട്ടേക്ക് ട്രെയിനിൽ കടത്തിയ 3. 800 കിലോ ഗ്രാം സ്വർണം ആർ.പി.എഫ് പിടികൂടി. ഇതിന് 1,47,00,000 രൂപ വിലവരും. മംഗളഎക്സ്പ്രസിലായിരുന്നു സ്വർണവേട്ട. സംഭവത്തിൽ രാജസ്ഥാൻ സ്വദേശി അഷ്റഫ് ഖാൻ കസ്റ്റഡിയിലായി.
ട്രെയിനിൽ സംശയാസ്പദ സാഹചര്യത്തിൽ കണ്ട അഷ്റഫ് ഖാനെ ട്രെയിനിൽ വെച്ച് ആർ.പി.എഫ്. സംഘം പരിശോധിക്കുകയായിരുന്നു. അടിവസ്ത്രത്തിൽ ഒളിപ്പിച്ചതായിരുന്നു സ്വർണം. 38 സ്വർണ ബിസ്കറ്റുകളാണുണ്ടായിരുന്നത്.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരിശോധന കർശനമാക്കണമെന്ന പാലക്കാട് ഡിവിഷൻ സെക്യൂരിറ്റി കമ്മിഷണർ ജിതിൻ പി. രാജിന്റെ നിർദേശത്തെ തുടർന്നായിരുന്നു പരിശോധന. സ്വർണ്ണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പരിശോധന നടത്തുമെന്നും നിയമപരമായാണോ സ്വർണം എത്തിച്ചതെന്നുള്ള കാര്യം കൂടി നോക്കുമെന്നും ആർ.പി.എഫ്. ഉദ്യോഗസ്ഥർ പറഞ്ഞു.സ്വർണം കസ്റ്റംസിന് കൈമാറി.
8.24 ലക്ഷം രൂപയുമായി 2 പേർ പിടിയിൽ
താമരശ്ശേരി:വ്യത്യസ്ത സംഭവങ്ങളിലായി 8,24,000 രൂപ യുടെ കുഴൽപ്പണം പിടികൂടി. കോഴിക്കോട് റൂറൽ എസ്.പി. ഡോ..എ.ശ്രീനിവാസിൻറെ നേതൃത്വത്തിലുള്ള സംഘം രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പൂനൂർ വെച്ച് 3,20,000 രൂപയുമായി പൂനൂർ പാടത്തുംകുഴിയിൽ അർഷാദിനെ ബാലുശ്ശേരി എസ്.ഐയും നാലു മണിയോടെ 5,04,000 രൂപയുമായി താമരശ്ശേരി കാരാടിയിൽ വെച്ച് ആവിലോറ തടത്തിൽ റാഫിദ് (23) നെ താമരശ്ശേരി എസ്.ഐയുമാണ് പിടികൂടിയത്. കോഴിക്കോട് ബാലുശ്ശേരി, താമരശ്ശേരി എന്നിവിടങ്ങളിൽ വിതരണം ചെയ്യാനുള്ളതായിരുന്നു പണം. ഈ മാസം അഞ്ചാമത്തെ തവണയാണ് കോഴിക്കോട് റൂറൽ ജില്ലയിൽ കുഴൽപ്പണം പിടി കൂടുന്നത്. താമരശ്ശേരി ഡി.വൈ.എസ്.പി .എൻ.സി സന്തോഷ്‌കുമാർ, ബാലുശ്ശേരി എസ്.ഐ ഷാജു ,താമരശ്ശേരി എസ്.ഐ മുരളീധരൻ ,സ്‌പെഷ്യൽ സ്‌ക്വാഡ് എസ് ഐ മാരായ രാജീവ് ബാബു ,സുരേഷ് വി.കെ, ഗംഗാധരൻ സി.എച്ച്,രാജീവൻ കെ.പി, ,ഷാജി വി.വി,, എ എസ് ഐ വിനോദ്, സീനിയർ സി.വി.ഒ ലിനീഷ് എന്നിവരുണ്ടായിരുന്നു പൊലീസ് സംഘത്തിൽ.