1
ആർച്ചി ഹട്ടൻ

കോഴിക്കോട്‌: വിഖ്യാത ഗിറ്റാറിസ്‌റ്റ്‌ ആർച്ചി ഹട്ടൻ (86) നിര്യാതനായി.

നാല്‌ പതിറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യയാണ്‌ ഇന്നലെ രാത്രി നിലച്ചത്‌. ജീം റീവ്‌സിൻറെയും ക്ലിഫ്‌ റിച്ചാർഡിൻറെയും പ്രശസ്‌ത ഗാനങ്ങളിലൂടെ ആർച്ചി മലയാളിയെ സംഗീതത്തിൻറെ മറ്റൊരു ലോകത്തേയ്ക്ക് എത്തിക്കുകയായിരുന്നു. കെ ജെ യേശുദാസുൾപ്പെടെ പ്രമുഖ ഗായകർക്കൊപ്പം വേദി പങ്കിട്ടിട്ടുണ്ട്‌. ദക്ഷിണാമൂർത്തി, കെ.രാഘവൻ മാസ്‌റ്റർ, അർജുനൻ, കോഴിക്കോട്‌ അബ്ദുൾ ഖാദർ, ബാബുരാജ്‌, ജോൺസൺ, ചിദംബരനാഥ്‌ എന്നിവർക്കൊപ്പവും ആർച്ചിയുടെ സംഗീതം മലയാളി ആസ്വദിച്ചിട്ടുണ്ട്‌.

കോഴിക്കോട്‌ ആകാശവാണിയിലെ എ ഗ്രേഡ്‌ ഗിറ്റാറിസ്‌റ്റായിരുന്നു ഹവായൻ ഗിറ്റാറിൽ മാസ്‌മരിക പ്രകടനം നടത്തുന്ന അപൂർവം കലാകാരന്മാരിൽ ഒരാളായിരുന്നു ആർച്ചി. അശോകപുരത്തെ സലിൽ ഹട്ടൻ വസതയിലായിരുന്നു ഏറെക്കാലമായി താമസം.

ഭാര്യ: ഫ്ലോറിവൽ ഹട്ടൻ (റിട്ട. അധ്യാപിക, സെൻറ് മൈക്കിൾസ്‌ സ്‌കൂൾ). മക്കൾ: വിനോദ്‌ ഹട്ടൻ (പ്രൊഫഷണൽ ഗിറ്റാറിസ്‌റ്റ്‌, മുംബൈ, സലിൻ ഹട്ടൻ (സംഗീതജ്ഞൻ, മുംബൈ), സുജാത ഹട്ടൻ (അദ്ധ്യാപിക, സെൻറ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യൻ സ്‌കൂൾ).