
വടകര: കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാങ്ക് വരാന്തയിൽ നിന്ന് തലകറങ്ങി താഴേക്ക് മറിഞ്ഞ ആളെ സമയോചിതമായ ഇടപെടലിലൂടെ യുവാവ് രക്ഷപ്പെടുത്തി.
അരൂർ സ്വദേശി നടുപ്പറമ്പിൽ ബിനുവിനാണ് (38) കീഴൽ തയ്യൽമീത്തൽ സ്വദേശി ബാബുരാജ് രക്ഷകനായത്.
ബാബുരാജിന്റെ ശ്രദ്ധ പതിഞ്ഞതുകൊണ്ട് മാത്രമാണ് താഴേക്കു വീഴുകയായിരുന്ന അരൂർസ്വദേശി ബിനു രക്ഷപ്പെട്ടത്. ബിനു മറിഞ്ഞുവീഴുന്നതും ബാബുരാജ് രക്ഷിക്കുന്നതും പിന്നീട് കൂടുതൽ പേർ ഓടിയെത്തി സഹായിക്കുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ക്ഷേമനിധി പണം അടക്കാൻ കേരള ബാങ്കിന്റെ എടോടി ശാഖയിൽ എത്തിയതായിരുന്നു ബാബുരാജ്. സമയമാകാത്തതിനാൽ വരാന്തയിൽ നിൽക്കുകയായിരുന്നു. തൊട്ടടുത്ത് ബിനുവും വേറെ രണ്ടു പേരും നിൽപ്പുണ്ടായിരുന്നു. ചുറ്റുമുളള കാഴ്ചകൾ കണ്ടു നിൽക്കുന്നതിനിടയിൽ ബാബുരാജ് തല തിരിച്ചപ്പോഴാണ് തൊട്ടടുത്തു നിന്നയാൾ പതുക്കെ താഴേക്കു മറിയുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തെല്ലും പതറാതെ ബാബുരാജ് ബിനുവിന്റെ ഒരു കാലിൽ പിടികൂടി. അപ്പോഴേക്കും പൂർണമായി ബിനു തലകീഴായി മറിഞ്ഞിരുന്നു. സാഹസികമായി കാലിൽ പിടിച്ച് നിർത്തുകയായിരുന്ന ബിനുവിനെ ഓടിവന്ന മറ്റുള്ളവരും ബാങ്ക് ഗൺമാൻ വിനോദും ജീവനക്കാരും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ബിനുവിനു പരിക്കുകൾ ഇല്ലെങ്കിലും ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.