
സുൽത്താൻ ബത്തേരി: റോഡ് ഷോയോടെ ബത്തേരിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി സി.കെ.ജാനുവിൻരെ പ്രചാരണത്തിന് തുടക്കം കുറിച്ചു. എൻ.ഡി.എയുടെ ഘടക കക്ഷിയായ ജനാധിപത്യ രാഷ്ട്രീയ സഭ സംസ്ഥാന അദ്ധ്യക്ഷയായ ജാനു താമര ചിഹ്നത്തിലാണ് ഇത്തവണ മൽസരിക്കുന്നത്.
കഴിഞ്ഞ തവണ മുന്നണിയുടെ ഭാഗമായി മൽസരിച്ചപ്പോൾ ഓട്ടോറിക്ഷ ചിഹ്നത്തിലായിരുന്നു മൽസരിച്ചിരുന്നത്. സി.കെ.ജാനു ബത്തേരിയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയാകുന്നതിനെതിരെ കഴിഞ്ഞ ദിവസം ബത്തേരിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിൽ താമര ചിഹ്നത്തിൽ മൽസരിക്കുന്നത് അസ്വാരസ്യങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്നണി നേതൃത്വം.
തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ബി.ജെ.പി. ദേശീയ സമിതി അംഗം പി.സി.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി കെ.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിൽ അംഗം കൂട്ടാറ ദാമോദരൻ, സംസ്ഥാന സമിതി അംഗം വി.മോഹനൻ, ജെ.ആർ.പി സംസ്ഥാന സെക്രട്ടറിമാരായ പ്രദീപ് കുന്നങ്കര, പ്രകാശൻ മൊറാഴ, സംസ്ഥാന ട്രഷറർ പ്രസീത, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ, ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.മധു, തിരഞ്ഞടുപ്പ് കമ്മറ്റി കൺവീനർ പി.എം.അരവിന്ദൻ, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് ജൈജുലാൽ സ്തുതിക്കാട്ട്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി.എൻ.വിജയൻ, ടി.കെ.ദീനദയാൽ എന്നിവർ സംസാരിച്ചു.