മാനന്തവാടി: കൊടിയ വേനലിനെ അതിജീവിക്കാൻ കിളികൾക്ക് വെള്ളം നൽകി അവയെ സംരക്ഷിക്കുന്നതിനുള്ള 'കിളികൾക്ക് ഒരു തുള്ളി ദാഹജലം' പദ്ധതി നടപ്പാക്കുക്കുകയാണ് വയനാട് വന്യജീവി സങ്കേതത്തിലെ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി.സുനിൽകുമാറും സംഘവും.
ചുട്ടുപൊള്ളുന്ന വേനലിൽ നാട്ടുകിളികൾക്ക് ഒരു തുള്ളി ജലം കരുതുകയാണിവിടെ. വയനാട്ടിൽ ആദ്യമായാണ് പക്ഷികൾക്കായുള്ള ഈ പദ്ധതി നടപ്പാക്കുന്നത്. വനത്തിൽ നിന്നും ശേഖരിച്ച മുളയിൽ അറ തിരിച്ച് പക്ഷികൾ എത്തുന്ന സ്ഥലങ്ങളിൽ സ്ഥാപിക്കുകയാണ് ചെയ്യുന്നത്.
ആദ്യഘട്ടത്തിൽ പൊതുസ്ഥലങ്ങൾ, വിദ്യാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, നാട്ടുകിളികളുള്ള മറ്റിടങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപിക്കാനുള്ള മുളകൾ വനം വകുപ്പ് തയ്യാറാക്കി കഴിഞ്ഞു. പരിസ്ഥിതി സ്നേഹികൾക്കും പദ്ധതിക്ക് പിന്തുണ അറിയിച്ചെത്തുന്നവർക്കും വനം വകുപ്പ് ഇത് നൽകും.
നാട്ടുകിളികൾ വരാൻ സാധ്യതയുള്ള, മനുഷ്യർ അധികം ഒത്തുകൂടാത്ത സ്ഥലങ്ങളിൽ വേണം ഇവ സ്ഥാപിക്കാൻ. മുളകഴുകി കഴുകി വൃത്തിയാക്കി എല്ലാ ദിവസവും ശുദ്ധജലം നിറയ്ക്കണം. ഇത് കിളികൾക്ക് പ്രയോജനം ചെയ്യുന്നു എന്ന് ഉറപ്പു വരുത്തണം. അല്ലാത്ത പക്ഷം കിളികൾ ഒത്തുകൂടുന്ന മറ്റിടങ്ങളിലേക്ക് ഇവ മാറ്റി സ്ഥാപിക്കണം.
വൃക്ഷ കൊമ്പുകൾ, മതിലുകൾ, പ്രത്യേകം തയാറാക്കിയ സ്റ്റാന്റുകൾ, മേൽക്കൂരയ്ക്കു മുകളിൽ എന്നിവിടങ്ങളിലാണ് സ്ഥാപിക്കുന്നത്.
കാട്ടിക്കുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ജൈവവൈവിധ്യ പാർക്കിൽ മുള കൊണ്ടുള്ള ജലസംഭരണി സ്ഥാപിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചു.
തോൽപ്പെട്ടി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി.സുനിൽകുമാർ പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ പി.വി.ശിവസുബ്രഹ്മണ്യൻ, അദ്ധ്യാപകരായ ഒ.ജെ.ബിജു, സി.ടി.ലൂസി, കെ.വി.ശാലിനി, ഫോറസ്റ്റർമാരയ കെ.എ.കുഞ്ഞിരാമൻ, കെ.രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.