kannur

കണ്ണൂർ: കെ. സുധാകരനിലൂടെ കണ്ണൂർ ലോക്‌സഭാ മണ്ഡലവും കോർപ്പറേഷനും സ്വന്തമാക്കിയ യു.ഡി.എഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ശുഭപ്രതീക്ഷയിൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ സിറ്റി, തയ്യിൽ ബൂത്തുകളിലെ വോട്ടിംഗ് ശതമാനത്തിൽ വന്ന കുറവ് മുതലെടുത്താണ് കോൺഗ്രസിലെ സതീശൻ പാച്ചേനിയെ തോൽപ്പിച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കഷ്ടിച്ച് ജയിച്ചുകയറിയത്. അന്ന് കോൺഗ്രസിൽ ഉണ്ടായിരുന്ന എ.പി. അബ്ദുള്ളക്കുട്ടിയെ തലശ്ശേരിയിലേക്ക് പറിച്ച് മാറ്റിയതിലെ ന്യൂനപക്ഷത്തിന്റെ അതൃപ്തിയായിരുന്നു സതീശന്റെ പരാജയത്തിന് കാരണമായത്. അബ്ദുള്ളക്കുട്ടി ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറിയതോടെ ആ മേഖലയിലുണ്ടായ പശ്ചാത്താപം മണ്ഡലം തിരിച്ചുപിടിക്കാൻ സഹായിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. അതേസമയം ഭരണതുടർച്ചയ്ക്ക് കണ്ണൂരും കൂടെയുണ്ടാകുമെന്നാണ് എൽ.ഡി.എഫിന്റെ അവകാശവാദം.

കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്റെ നേതൃത്വത്തിലാണ് യു.ഡി. എഫിന്റെ പടപ്പുറപ്പാട്. ജില്ലയിലെ തന്നെ മറ്റു മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പൊട്ടിത്തെറിയൊന്നും കണ്ണൂരിലുണ്ടായില്ല. എന്നാൽ മണ്ഡലത്തിൽ അഞ്ച് വർഷത്തിനിടെയുണ്ടായ വികസനം നിരത്തിയാണ് ഇടതുമുന്നണി വോട്ടർമാരിലേക്കിറങ്ങുന്നത്. കണ്ണൂരിന്റെ മുഖച്ഛായ മാറ്റിയ വികസന പ്രവർത്തനങ്ങളാണ് അഞ്ച് വർഷം കൊണ്ട് നടപ്പാക്കിയതെന്ന ഇടതുമുന്നണിയുടെ അവകാശവാദത്തെ യു.ഡി.എഫ് എതിർക്കുന്നത് അടിസ്ഥാനമേഖലയിലെ പിന്നാക്കാവസ്ഥ ഉയർത്തിക്കാട്ടിയാണ്. ഇരുമുന്നണികളുടെയും മുഖംമൂടി പൊളിച്ചെഴുതുന്ന പുതിയ വികസനം കണ്ണൂരിൽ കൊണ്ടുവരുമെന്നാണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയുടെ വാഗ്ദാനം.

പള്ളിക്കുന്ന്, പുഴാതി സോണുകൾ ഒഴിച്ചുള്ള കണ്ണൂർ കോർപ്പറേഷൻ, മുണ്ടേരി പഞ്ചായത്ത് എന്നിവ ചേർന്നുള്ളതാണ് നിലവിലെ കണ്ണൂർ നിയമസഭ മണ്ഡലം. ഇതിൽ മുണ്ടേരി ഒഴികെ മറ്റുള്ളതിലെല്ലാം യു.ഡി.എഫിനാണ് മുൻതൂക്കം.

എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പി ജില്ലാ സെക്രട്ടറി അർച്ചന വണ്ടിച്ചാലും രംഗത്തുണ്ട്. ജില്ലയിലെ രാഷ്ട്രീയ സ്ഥിരത ഇല്ലാത്ത മണ്ഡലം എന്ന സവിശേഷത കൂടി കണ്ണൂരിനുണ്ട്.