udf

കോഴിക്കോട്: എലത്തൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയോട് സഹകരിക്കാത്ത കോൺഗ്രസ് പ്രവർത്തകരുടെ നിലപാട് മാറ്റാനും വിമത സ്ഥാനാർത്ഥിയെ പിന്തിരിപ്പിക്കാനും ഡി.സി.സി പ്രസിഡന്റ് യു. രാജീവൻ വിളിച്ച് ചേർത്ത മണ്ഡലം പ്രസിഡന്റുമാരുടെ യോഗവും തീരുമാനമാകാതെ പിരിഞ്ഞു. അതെസമയം പ്രശ്ന പരിഹാരത്തിന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. വി തോമസ് ഇന്ന് കോഴിക്കോട് എത്തും.

നാഷണലിസ്റ്റ് കോൺഗ്രസ് (കേരള ) സ്ഥാനാർത്ഥി സുൾഫിക്കർ മയൂരി വ്യാഴാഴ്ച പത്രിക നൽകിയെങ്കിലും കോൺഗ്രസ് പ്രവർത്തകരും പ്രാദേശിക നേതാക്കളും സഹകരിക്കാത്തതിനാൽ പ്രചാരണം ആരംഭിക്കാൻ കഴിയാതെ വലയുകയാണ്. പ്രശ്നം പരിഹരിക്കാനാണ് ഡി.സി.സി പ്രസിഡന്റ് യു. രാജീവൻ മണ്ഡലം പ്രസിഡന്റ്മാരുടെ യോഗം വിളിച്ചത്. എന്നാൽ എലത്തൂർ മണ്ഡലത്തിൽ ഒരു പാർട്ടി പ്രവർത്തകൻ പോലുമില്ലാത്ത നാഷണലിസ്റ്റ് കോൺഗ്രസ് (കേരള )യ്ക്ക് സീറ്റ് നൽകിയതിനെ പാർട്ടി ഭാരവാഹികൾ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ഡി.സി.സി പ്രസിഡന്റ് ഭാരവാഹികളുടെ യോഗത്തിൽ കെ.പി.സി.സി നേതാവിനെയും പ്രതിപക്ഷ നേതാവിനെയും വിളിച്ച് പാർട്ടി ഭാരവാഹികളുടെ വികാരം അറിയിച്ചു. എന്നാൽ മുന്നണി മര്യാദയുടെ പേരിൽ വിട്ട് വീഴ്ചകൾ ചെയ്യേണ്ടി വരുമെന്നായിരുന്നു നേതാക്കളുടെ നിലപാട്.പ്രാദേശിക നേതാക്കൾക്ക് ഇത് സ്വീകാര്യമായില്ല. തുടർന്നാണ് പ്രാദേശിക നേതാക്കളെയും പാർട്ടി പ്രവർത്തകരെയും അനുനയിപ്പിക്കാൻ കെ. വി തോമസ് കോഴിക്കോട് എത്തുന്നത്.

കോൺഗ്രസിലെ യു.വി ദിനേശ് മണിയും പത്രിക നൽകിയിട്ടുണ്ട്.കെ.പി.സി.സി അംഗമായ ദിനേശ് മണി സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് പത്രിക നൽകിയതെങ്കിലും കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന് പിന്തുണയുമായി കൂടെയുണ്ട്. ദിനേശ് മണിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയതോടെ ഭൂരിപക്ഷം പ്രവർത്തകരും പിന്മാറിയെങ്കിലും മാനസികമായി ദിനേശ് മണിയോടൊപ്പം തന്നെയാണ്. കെ.വി തോമസ് ഇടപെട്ടിട്ടും പ്രശ്ന പരിഹാരമുണ്ടാകുന്നില്ലെങ്കിൽ സുൾഫിക്കർ മയൂരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മണ്ഡലത്തിന് പുറത്ത് നിന്ന് ആളെ കൊണ്ടുവരേണ്ടി വരും.