കൊയിലാണ്ടി: സ്വയംതൊഴിൽ ചെയ്യാൻ വായ്പ ലഭിക്കുന്നതിന് മൂല്യനിർണയ സർട്ടിഫിക്കറ്റ് ലഭിക്കാൻ പന്തലായനി വില്ലേജ് ഓഫീസി നിരവധി തവണ കയറിയിറങ്ങിയ കുടുംബം ഒടുവിൽ സത്യാഗ്രഹ സമരം ആരംഭിച്ചു. വലിയ മങ്ങാട് കിഴക്കെ പുരയിൽ മല്ലികയും കുടുംബവുമാണ് വെള്ളിയാഴ്ച പന്തലായനി ഓഫീസിന് മുന്നിൽ സത്യാഗ്രഹമിരുന്നത്. മത്സ്യത്തൊഴിലാളിയായ മകൻ ജോലിക്കിടെ വീണ് നട്ടെല്ലിന് പരിക്കേറ്റതോടെ കഠിനമായ തൊഴിലൊന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയിലാണ്. അതിനാൽ വായ്പയെടു ത്ത് സ്വയം തൊഴിൽ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഇവർ.
ഇതിനായി താമസിക്കുന്ന വീടും സ്ഥലവും ഉൾപ്പെടുന്ന വസ്തുവിന്റെ മൂല്യനിർണയ സർട്ടിഫി ക്കറ്റ് ആവശ്യമായി വന്നതോടെ വില്ലേജ് ഓഫീസിൽ കഴിഞ്ഞ വർഷം മൂന്നിന് അപേക്ഷ നൽകി. പതിനെട്ട് തവണ ഓഫീസ് കയറിയിറങ്ങീട്ടും സർട്ടിഫിക്കറ്റ് ലഭിച്ചില്ല. സാന്ത്വനം അദാലത്തിൽ അപേക്ഷ നൽകിയപ്പോ ൾ രണ്ട് ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ടെങ്കിലും ഫലമുണ്ടായില്ല. മറ്റൊരു മാർഗവുമില്ലെന്ന് വന്നപ്പോഴാണ് സമരത്തിനിറങ്ങിയതെന്ന് കുടുംബം പറഞ്ഞു. പി. എം. കുഞ്ഞിക്കണാരൻ സമരം ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. സുധാകരൻ, മനോജ് കിഴക്കെ പുരയിൽ എന്നിവർ സംസാരിച്ചു.
ഓഫീസിൽ വീഴ്ചയുണ്ടായില്ലെന്ന് വില്ലേജ് ഓഫീസർ
മൂല്യനിർണയ സർട്ടിഫിക്കറ്റ് നൽകുന്ന കാര്യത്തിൽ ഓഫീസിൽ യാതൊരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന് പന്തലായനി വില്ലേജ് ഓഫീസർ ജയൻ പറഞ്ഞു. മൂന്ന് വർഷത്തിനുള്ളിൽ രജിസ്ട്രേഷൻ കഴിഞ്ഞ പത്ത് ആധാരങ്ങളിൽ കാണിച്ച വിലയുടെ ശരാശരിയാണ് മൂല്യമായി കണക്കാക്കുന്നത്. ഇതിനുള്ള ആധാരങ്ങൾ ഓഫീസ് ജീവനക്കാർ തന്നെയാണ് സംഘടിപ്പിച്ചത്. സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ട് കുറേ ദിവസങ്ങളായി. നഗരസഭാ സെക്രട്ടറിയുടെ തടസമൊഴിവാക്കി കൊണ്ടുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ സർട്ടിഫിക്കറ്റ് നൽകാൻ കഴിയുമെന്ന കാര്യം പരാതിക്കാരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.