1

കോഴിക്കോട്: പടക്കളത്തിൽ മാത്രമല്ല പ്രചാരണത്തിലും കരുത്തുകാട്ടാൻ പെണ്ണുങ്ങൾ. കലാജാഥകൾ, മൈക്ക് പ്രചാരണം, ചുമരെഴുത്ത്, ബാനർ, പോസ്റ്റർ ഒട്ടിക്കൽ തുടങ്ങി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊഴുപ്പേകി പെൺസംഘം മുന്നേറുകയാണ്. രാപ്പകലില്ലാതെ മുന്നണികളുടെ വിജയത്തിനായി വീടുകയറിയും മുദ്രാവാക്യം വിളിച്ചും മുന്നേ നടക്കാനും ഈ സംഘശക്തിയുണ്ട്. ജില്ലയിൽ മഹിളാമോർച്ച പ്രവർത്തകരായ സ്ത്രീകൾ രാത്രിയിലും പോസ്റ്റർ പതിക്കാനെത്തിയത് പെൺകരുത്തിന്റെ വേറിട്ട കാഴ്ചയായി. കോട്ടൂളി, എരഞ്ഞിപാലം, ചെലവൂർ, സിവിൽ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലാണ് പോസ്റ്റർ പതിക്കാൻ മൈദയും പോസ്റ്ററുമായി സ്ത്രീകളെത്തിയത്. വീട്ടുജോലിയും പകൽ പ്രചാരണവും കഴിഞ്ഞ് ഒഴിവുള്ള നേരംനോക്കിയാണ് സ്ത്രീകൾ പോസ്റ്റർ പ്രചാരണത്തിന് ഇറങ്ങുന്നത്.

 'മറ്റ് തിരക്കുകൾക്കിടയിൽ കിട്ടുന്ന സമയത്താണ് പോസ്റ്റർ പ്രചാരണത്തിന് ഇറങ്ങുന്നത്. പാർട്ടിയും കുടുംബവും പൂർണ പിന്തുണയാണ്. പാർട്ടി പ്രവർത്തനങ്ങളിൽ മാത്രമല്ല എല്ലാ കാര്യത്തിലും സ്ത്രീകളും പങ്കാളികളാണ് '.

ശോഭ സുരേന്ദ്രൻ, മഹിളാ മോർച്ച, കോട്ടുളി