കോഴിക്കോട്: കേരള ബാങ്ക് വടകര ശാഖയിലെ ഇടപാടുകാരനായ നടുപ്പറമ്പിൽ ബിനുവിനെ അപ്രതീക്ഷിത അപകടത്തിൽ നിന്നും രക്ഷപ്പെടുത്തിയ ശാഖയിലെ ഇടപാടുകാരനും കീഴൽ സ്വദേശിയുമായ തയ്യൽ മീത്തൽ ബാബുരാജിനെ കേരള ബാങ്ക് ആദരിച്ചു. ഒന്നാം നിലയിലുള്ള ബാങ്ക് കെട്ടിടത്തിന്റെ വരാന്തയിൽ നിന്ന് തലകറങ്ങി താഴേക്ക് മറിഞ്ഞുവീണ ബിനുവിനെ സമയോചിത ഇടപെടലിലൂടെ ബാബുരാജ് രക്ഷപ്പെടുത്തുകയായിരുന്നു. ബിനു മറിഞ്ഞുവീഴുന്നതും സെക്കന്റുകൾക്കുള്ളിൽ തെല്ലുംപതറാതെ ബിനുവിന്റെ ഒരുകാലിൽ പിടിച്ച് മറ്റുള്ളവരുടെ സഹായത്തോടെ രക്ഷപ്പെടുത്തുന്ന ബാബുരാജിന്റെയും വീഡിയോയും വാർത്തയും ഏറെ ചർച്ചയായിരുന്നു.
ബാബുരാജിനും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ കെ.കെ ദാമുവിനും കേരള ബാങ്ക് ഭരണസമിതിയുടേയും ജീവനക്കാരുടേയും നേതൃത്വത്തിലാണ് ആദരവ് നൽകിയത്. കേരളാ ബാങ്ക് സി.ജി.എം കെ.സി സഹദേവന്‍ വീഡിയോ കോൺഫറൻസിലൂടെ ആദരവും അഭിനന്ദനവും അറിയിച്ചു. റീജിയണൽ ജനറൽ മാനേജർ സി.അബ്ദുൽ മുജീബ് ഉപഹാരം നൽകി. ഡെപ്യൂട്ടി ജനറൽ മാനേജർ എം.പി ഷിബു അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർമാരായ എൻ നവനീത് കുമാർ, ഐ.കെ വിജയൻ, ടി.സൂപ്പി, സീനിയർ മാനേജർ കെ.കെ സജിത് കുമാർ, മാനേജർ പി.പ്രേമാനന്ദൻ, ഒ.രമേശൻ, ഇ.എം പ്രശാന്തൻ തുടങ്ങിയവർ പ്രസംഗിച്ചു. സീനിയർ മാനേജർ വിനോദന്‍ ചെറിയാലത്ത് സ്വാഗതവും പബ്ലിക് റിലേഷൻസ് ഓഫീസർ സി.സഹദ് നന്ദിയും പറഞ്ഞു.