വടകര: എട്ട് വർഷത്തെ വരൾച്ചയ്ക്ക് അന്ത്യംകുറിച്ച് കുറ്റ്യാടി ഇറിഗേഷന് കീഴിലെ അഴിയൂർ ബ്രാഞ്ച് കനാൽ തുറന്നു. വള്ളിക്കാട് വൈക്കിലശ്ശേരി ഭാഗത്തെ അക്വഡേറ്റ് ദ്രവിച്ച് അപകടനിലയിലായതിനെ തുടർന്ന് പൊളിച്ചുമാറ്റിയതോടെ കനാൽ വരണ്ടുകിടക്കുകയായിരുന്നു. 17 കിലോമീറ്റർ ദൂരം വരുന്ന ഒഞ്ചിയം ,അഴിയൂർ, ഏറാമല തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ കനാൽ തുറന്നതോടെ വെള്ളമെത്തും. അക്വഡേറ്റിനു പകരം 660 മീറ്റർ വരുന്ന പൈപ്പ് സ്ഥാപിച്ചാണ് വെള്ളം തുറന്നു വിടുന്നത്. കനാൽ തുറക്കുന്നതിന്റെ മുന്നോടിയായി തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി കാനാൽ ഭാഗങ്ങളിലെ കാടുകൾ വെട്ടി ശുചിയാക്കിയിരുന്നു. തുടക്കത്തിൽ നേരിയ തോതിലാണ് വെള്ളം തുറന്നു വിടുന്നത്. അതെസമയം ഏറാമല, ആദിയൂർ പ്രദേശത്തെ കൈകനാലുകളിൽ കല്ലും മണ്ണും അടിഞ്ഞത് ജലമൊഴുക്കിന് തടസമായി.