
കുറ്റ്യാടി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താഴെ തട്ടിൽ പ്രവർത്തിക്കുന്ന ബി.എൽ.ഒ മാരുടെ ദുരിതത്തിന് അറുതിയില്ല. സംസ്ഥാനത്ത് ഏകദേശം ഇരുപതിനായിരത്തോളം ബി.എൽ.ഒ മാരാണ് ജോലി ഭാരത്തിന്റെ അധിക ചുമതലകളിൽപ്പെട്ട് വീർപ്പ് മുട്ടുന്നത്. വോട്ടു ചേർക്കാൻ വേണ്ടി വോട്ടർമാർ ഓൺലൈൻ വഴി അപേക്ഷിക്കുന്നത് മുതൽ തിരഞ്ഞെടുപ്പ് ദിവസം വരെയുള്ള ഓരോ ബൂത്തുകളിലെയും ഏതാണ്ട് എല്ലാ പ്രവർത്തനങ്ങളിലും ബി.എൽ.ഒ മാരാണ് പങ്കാളികളാവുന്നത്.
വില്ലേജ് ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ഇത്തരം പ്രവർത്തനങ്ങൾ നടന്നിരുന്നത്. വോട്ടു ചേർക്കൽ, വോട്ടുകൾ തള്ളൽ, വീടുകളുമായി ബന്ധപ്പെട്ട നോട്ടീസ് വിതരണം ചെയ്യൽ, തിരിച്ചറിയൽ കാർഡ് വിതരണം ഇവയൊക്കെ ചെയ്യുന്നത് ബി.എൽ.ഒ മാരാണ്. ഇതിനൊക്കെ പുറമെ 80 വയസ് കഴിഞ്ഞവർ, ഭിന്നശേഷിക്കാർ, കൊവിഡ് ബാധിതർ എന്നിവരുടെ 12 ഡി പോസ്റ്റൽ വോട്ട്, തിരഞ്ഞെടുപ്പ് ഡ്യൂട്ടി തുടങ്ങിയ പല ജോലികളും ബി.എൽ.ഒ മാർ ചെയ്യേണ്ടതായി വരുന്നുവെങ്കിലും വളരെ തുച്ഛമായ ഓണറേറിയം മാത്രമാണ് ഇവർക്ക് ലഭിക്കുന്നത്.
ആദ്യഘട്ടങ്ങളിൽ ഒരു സേവനമെന്ന നിലയിൽ പ്രവർത്തിച്ചിരുന്നെങ്കിലും മേലധികാരികളുടെ പലതരത്തിലുള്ള സമ്മർദ്ദവും, അധിക ജോലി ഭാരവും നിമിത്തം ബി.എൽ.ഒ ജോലിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ഒട്ടുമിക്ക ബി.എൽ.ഒ മാരും.
നിലവിലുള്ള ബി.എൽ.ഒ മാർക്ക് വളരെ നിലവാരം കുറഞ്ഞ തിരച്ചറിയൽ കാർഡ് നൽകിയതിലും, മേലധികാരികളിൽ നിന്ന് മാന്യമായ പരിഗണന ലഭിക്കാത്തതും പല ഭാഗങ്ങളിൽ പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്.
വോട്ടർ പട്ടികയിലെ ഇരട്ടിപ്പും, ബി.എൽ.ഒ മാർ തക്ക സമയങ്ങളിൽ ബി.എൽ.ഒ.രജിസ്റ്ററുകളിൽ രേഖപ്പെടുത്തി കൊടുക്കുന്ന പേരുകൾ നീക്കം ചെയ്യാതെ കിടക്കുന്നതും പട്ടികയിലെ വോട്ടർമാരുടെ പേരുകൾ വീടുക്രമത്തിൽ അല്ലാത്തതും ഇവർക്ക് ഇരട്ടി ജോലിയാണ് സമ്മാനിക്കുന്നത്. തിരക്കു പിടിച്ച് പട്ടിക പ്രസിദ്ധീകരിക്കുന്നത് കൊണ്ടാണ് ഇത്തരം പിശകുകൾ സംഭവിക്കുന്നതെന്നാണ് ബി.ൽ.ഒ മാർ ചൂണ്ടിക്കാട്ടുന്നത്. ഓണറേറിയം കാലോചിതമായി വർദ്ധിപ്പിക്കണമെന്നും, തിരഞ്ഞെടുപ്പ് ദിവസം പോളിംഗ് ഉദ്യാഗസ്ഥർക്ക് കൊടുക്കുന്ന രീതിയിൽ തന്നെ സ്പെപെഷ്യൽ അലവൻസ് ബി.എൽ.ഒ.മാർക്കും ലഭിക്കണമെന്നും, നിലവാരം കൂടിയ സ്ഥിരം തിരിച്ചറിയൽ കാർഡ് ലഭ്യമാക്കണമെന്നുള്ളതും ഇവരുടെ ആവശ്യങ്ങളാണ്.