ram

കോഴിക്കോട്: മുന്നണികൾ വീട്ടമ്മമാർക്ക് എത്രയൊക്കെ വാഗ്ദാനങ്ങൾ നൽകിയാലും സംസ്ഥാനത്ത് ആദ്യമായി ഭാര്യയ്ക്ക് പെൻഷൻ മണിഓർഡറായി അയച്ചുകൊടുത്ത റെക്കാർഡ് കെ.എൻ. രാമദാസൻ വൈദ്യരുടെ പേരിലാണ്. വൈദ്യർ വിട ചൊല്ലി 22 വർഷം പിന്നിടുമ്പോഴാണ് രാഷ്ട്രീയക്കാർക്ക് ഇത്തരമൊരു ആശയമുദിക്കുന്നത്. ലിംഗ സമത്വത്തെക്കുറിച്ചോ, സ്ത്രീശാക്തീകരണത്തെപ്പറ്റിയോ അത്രയൊന്നും ചർച്ചകൾ നടക്കാത്ത കാലത്താണ് കോഴിക്കോടിന്റെ ചിരി വൈദ്യർ സ്വന്തം വീട്ടുകാരിക്ക് 55 കഴിഞ്ഞപ്പോൾ പെൻഷൻ പ്രഖ്യാപിച്ചതും അത് നടപ്പാക്കിയതും. വൈദ്യർ മരിക്കുന്നതു വരെ പ്രതിമാസം 100 രൂപ ഭാര്യ നിർമ്മലയ്ക്ക് മണി ഓർഡറായി അയച്ചുകൊടുത്തിരുന്നു. ഇതിന്റെ രസീതും വൈദ്യർ ഭദ്രമായി സൂക്ഷിച്ചു.

കുടുംബത്തിന്റെ ആണിക്കല്ലായി രാപ്പകൽ പണിയെടുക്കുന്ന വീട്ടമ്മമാരോടുള്ള അവഗണനക്കെതിരെ ഹാസ്യത്തിൽ പൊതിഞ്ഞ മറുപടിയായാണ് വൈദ്യർ ഇങ്ങനെയൊരു പെൻഷൻ പദ്ധതി കൊണ്ടുവന്നത്.

"കുറെക്കാലമായില്ലേ നീ എന്നെ സേവിക്കുന്നു. ഇനിമുതൽ ഞാൻ നിനക്ക് പെൻഷൻ തരും.'' ഒരു മുന്നറിയിപ്പുമില്ലാതെയാണ് മൂപ്പർ പറഞ്ഞതെന്ന് വൈദ്യരുടെ ഭാര്യ നിർമ്മല ഓർക്കുന്നു.

"ആദ്യം എനിക്ക് തമാശയായിട്ടാണ് തോന്നിയത്. പിന്നീട് പെൻഷൻ ലഭിച്ച് തുടങ്ങിയപ്പോഴാണ് സത്യമാണെന്ന്

മനസിലായത്.വീട്ടിൽ വന്നാൽ എപ്പോഴും തമാശ പറച്ചിലായിരുന്നു. അത്തരമൊരു തമാശ പറച്ചിലായിട്ടാണ് കുരുതിയത്.എപ്പോഴും ചിരിക്കാനാണ് പറയാറ്. ദുഃഖം മറയ്ക്കാനുള്ള മരുന്നാണിതെന്ന് എല്ലാവരെയും ഓർമിപ്പിക്കും.ചിലപ്പോൾ രോഗികളോടും തമാശയിലൂടെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താറുണ്ടെന്നും നിർമ്മല പറയുന്നു. രാമദാസൻ വൈദ്യർ നിർമ്മിച്ച 'ശാന്തവില്ല 'യിൽ മകൻ ഡോ.മനോജ് കാളൂരിനൊപ്പമാണ് നിർമ്മല താമസിക്കുന്നത്.

കോഴിക്കോടിന്റെ ചിരി വൈദ്യർ

പാളയത്തിനടുത്ത് കോട്ടപ്പറമ്പ് ആര്യവൈദ്യ വിലാസിനി വൈദ്യശാലയിലെ ചികിത്സാ സമയം കഴിഞ്ഞാൽ പിന്നെ കൂട്ടുകാരുമൊത്തുള്ള സൊറപറച്ചിലിനിടെയാണ് വൈദ്യർ സമൂഹത്തിനുള്ള ചിരി ചികിത്സ പലതും വിധിക്കുന്നത്. സംവാദസദസുകളിൽ സാധാരണക്കാർ മുതൽ വലിയ സാഹിത്യകാരന്മാർ വരെ ഉൾപ്പെടും.തകഴി, വി.കെ.എൻ, മലയാറ്റൂർ രാമകൃഷ്ണൻ ....അങ്ങനെ നീളുന്നു ആ ചങ്ങാതിക്കൂട്ടത്തിന്റെ നിര.

സൗന്ദര്യമത്സരങ്ങളെ ശരിപ്പെടുത്താൻ ലോക വിരൂപറാണി - വിരൂപരാജൻ മത്സരം സംഘടിപ്പിച്ചായിരുന്നു വൈദ്യർ ആദ്യം ഞെട്ടിച്ചത്. തെങ്ങ് കയറാൻ ആളെ കിട്ടാതായപ്പോൾ തെങ്ങ് കയറ്റ കോളേജ് സ്ഥാപിച്ചു. അതിന്റെ ഉദ്ഘാടത്തിന് ക്ഷണിച്ചുവരുത്തിയ കോഴിക്കോട് ജില്ലാ കളക്ടർ യു.കെ.എസ് ചൗഹാനെ തെങ്ങിൽ കയറ്റാനും അദ്ദേഹം മറന്നില്ല. ഉദ്ഘാടകൻ കയറിക്കയറി തെങ്ങിന്റെ മണ്ടയിൽ എത്തുമോയെന്ന് ഭയന്ന ഭാര്യ നന്ദിത ചൌഹാന്റെ നിലവിളി ഇപ്പോഴും ഓർക്കുന്നവരുണ്ട് . വൈദ്യരുടെ വീട്ടിൽ തേങ്ങയിട്ടിരുന്ന എ.പി പ്രദീപിനെ പ്രിൻസിപ്പലായി നിയമിക്കുകയുംചെയ്തു.അക്കാലത്ത് വൈദ്യർ തമാശകളിലെ ഒരിനം മാത്രമായി കണ്ട ഇതും പിന്നീട് അപൂർവസംഭവമല്ലാതായി. പലയിടത്തും വന്നു തെങ്ങ് കയറ്റ പരിശീലന കേന്ദ്രങ്ങൾ.വെറുമൊരു ഫലിതപ്രിയനായിരുന്നില്ല വൈദ്യർ. കണ്ണൂർ ആയുർവേദ കോളേജിൽ നിന്ന് സ്വർണമെഡലോടെ ഒന്നാമനായാണ് വൈദ്യപഠനം പൂർത്തിയാക്കിയത്. മുതലക്കുളത്തെ അലക്കുകല്ലുകളെ ആദരിച്ച ചടങ്ങായിരുന്നു വൈദ്യരുടെ വിചിത്രമനസിൽ നിന്നു വിടർന്നുവന്ന മറ്റൊരു സംഭവം. പതിവായി രാഷ്ട്രീയക്കാരുടെ വിഴുപ്പലക്കൽ കേൾക്കേണ്ടി വരുന്ന മുതലക്കുളം മൈതാനിയിലെ അലക്കുകല്ലുകളുടെ അതുല്യ സഹിഷ്ണുതയ്ക്കുള്ള അംഗീകാരമെന്ന നിലയിലായിരുന്നു ചടങ്ങ്.

മഴ പെയ്യാൻവേണ്ടി നടത്തിയ യജ്ഞത്തെ പരിഹസിച്ച് വൈദ്യർ കുക്കുടാണ്ഡ യജ്ഞം നടത്തിയതിനെക്കുറിച്ച് നിർമ്മല ഇപ്പോഴും ഓർക്കുന്നു. കോഴി ബിരിയാണി ഉണ്ടാക്കി നാട്ടുകാർക്കൊക്കെ വിതരണം ചെയ്തതിനെ വൈദ്യർ വിളിച്ച പേരാണ് കുക്കുടാണ്ഡയജ്ഞം.