dharmajan

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നട്ടും ബോൾട്ടും മുറുകിയതോടെ ധർമ്മജൻ ബോൾഗാട്ടിയും സീരിയസായി. ചിരിനമ്പരുകൾ മാറ്റിവച്ച് ചിന്തിപ്പിക്കുന്ന ചോദ്യങ്ങളെറിയുകയാണ് ധർമ്മജൻ. സ്‌കൂട്ടറിലും നടന്നും വോട്ടുപിടിത്തം. വോട്ടർമാരുടെ ആവലാതികൾ കേട്ടും മണ്ഡലത്തിലെ പോരായ്മകൾ ഓർമ്മിപ്പിച്ചും ഓടിയെത്തുകയാണ് എല്ലായിടത്തും.നന്മയുള്ള നല്ല നാട്ടിൻപുറത്തുകാരാണ് ബാലുശ്ശേരിക്കാരെന്ന് ഈ ബോൾഗാട്ടിക്കാരൻ പറയുന്നു."നേരത്തെ ഇവിടെ വരുമ്പോൾ മിമിക്രി താരമായും സിനിമാനടനായുമൊക്കെയാണ് ആളുകൾ കണ്ടത്. ഇപ്പോൾ അങ്ങനെയല്ല. സീരിയസ് അപ്രോച്ചാണ് അവരുടേതും. വികസനം കാണാപ്പാട് അകലെയാണിവിടെ. വിദ്യാഭ്യാസം, ടൂറിസം, ആരോഗ്യം എന്നീ മേഖലകളിലൊന്നും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. മാറ്റം ഉണ്ടാകും. ഞങ്ങൾ ഈ കോട്ട പിടിക്കും".

കാര്യമായ വെല്ലുവിളിയില്ലാതെ തുടർച്ചയായി എൽ.ഡി.എഫ് വിജയിച്ചുവരുന്ന ബാലുശ്ശേരിയിൽ ഇത്തവണ ഒന്നാന്തരം രാഷ്ട്രീയ അങ്കം തന്നെയാണ്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻദേവാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. ലിബിൻ ഭാസ്കർ ബി.ജെ.പി സ്ഥാനാർത്ഥിയും.

മുൻകാലങ്ങളിൽ തോൽവി മുന്നിൽക്കണ്ടാണ് പ്രചാരണം തുടങ്ങിയിരുന്നത്. ഇത്തവണ സ്ഥിതി അതല്ല. ധർമ്മജന്റെ വരവോടെ യു.ഡി.എഫ് നേതാക്കൾ ആകെ ഉണർന്നു. തുടക്കത്തിൽ ധർമ്മജന് സീറ്റ് നൽകുന്നതിനെതിരെ മുറുമുറുത്തവർ പോലും ഏറെ സജീവം.

പ്രചാരണത്തിന്റെ അവസാന ലാപ്പിലേക്കെത്തുമ്പോൾ സഹതാരങ്ങൾ പലരും ഒരു കൈ സഹായത്തിനായി എത്തുമെന്ന് ധർമ്മജൻ പറഞ്ഞു. രമേഷ് പിഷാരടി എന്തായാലും വീണ്ടും വരും.

പതിവുപര്യടനത്തിനൊപ്പം ചെറുയോഗങ്ങളും മുടങ്ങാതെ നടക്കുന്നുണ്ട്. 24ന് പര്യടനം അവസാനിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക.

എൽ.ഡി.എഫ് പ്രചാരണത്തിന് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ വൻനിര തന്നെയുണ്ട്. യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യയെ ഉൾപ്പെടെ രംഗത്തിറക്കിയാണ് ബി.ജെ.പി പ്രചാരണം മുന്നേറുന്നത്.